മലപ്പുറം : മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മെഗാ സൈക്കിൾ റാലി സംഘടിപ്പിച്ചു. പത്ത് ബ്ലോക്കുകളില്‍ നിന്നായി ആരംഭിച്ച മെഗാ സൈക്കിള്‍ റാലിയുടെ സമാപന ചടങ്ങ് മലപ്പുറം കിഴക്കേത്തലയില്‍ നടന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് നിര്‍വ്വഹിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റേയും ശുചിത്വ പരിപാലനത്തിന്റേയും കാര്‍ബണ്‍ ന്യൂട്രല്‍ മലപ്പുറം എന്ന ലക്ഷ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ, തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള രാഷ്ട്രീയ ഗ്രാമസ്വരാജ് അഭയാനും ചേര്‍ന്ന് ആർ. ജി. എസ്. എ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സൈക്കിള്‍ ക്ലബ്ബുകളുമായി സഹകരിച്ചുകൊണ്ടാണ് മെഗാ റാലി സംഘടിപ്പിച്ചത്. 200ഓളം സൈക്കിള്‍ റൈഡേഴ്‌സ് റാലിയില്‍ പങ്കെടുത്തു.
റാലിയില്‍ കോട്ടക്കല്‍ മുതല്‍ സമാപന സ്ഥലം വരെ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു. നിലമ്പൂര്‍, കൊണ്ടോട്ടി, ചെമ്മാട്, അരീക്കോട്, മഞ്ചേരി, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, തിരൂര്‍, വണ്ടൂര്‍ എന്നീ ബ്ലോക്കുകളിലാണ് റാലികള്‍ നടന്നത്.
നിലമ്പൂര്‍ ചന്തക്കുന്ന് ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു ഫ്‌ലാഗ് ഓഫ് ചെയ്തു. അരിക്കോട് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ പോലീസ് സ്റ്റേഷന്ന് സമീപം നടന്ന റാലിയില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാസ്‌കര്‍ ആമയ്യൂര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തിരൂര്‍ ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വേങ്ങരയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മങ്കട രാമപുരം കനറാ ബാങ്കിന് സമീപം നടന്ന സ്വീകരണ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുല്‍ കരീം ഫ്‌ലാഗ് ഓഫ് ചെയ്തു. പെരിന്തണ്‍മണ്ണ ബ്ലോക്ക് മുന്‍വശം നടന്ന സ്വീകരണ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.
മലപ്പുറം കിഴക്കേത്തലയില്‍ സമാപിച്ച മെഗാ റാലിയില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹ്‌മാന്‍ കാരാട്ട് അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍,എല്‍.എസ്.ജി.ടി ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ കെ.സദാനന്ദന്‍, പി.ബി ഷാജു, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ രജിത്ത്, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.വി.എസ് ജിതിന്‍,കില ജില്ലാ ഫെസിലിറ്റേറ്റര്‍ എ. ശ്രീധരന്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എം സുജാത, സൈക്കിള്‍ ക്ലബ് പ്രതിനിധി കെ.വലീദ്, കെ.എസ് ഷഹീര്‍ ബാവ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ മാലിന്യ മുക്ത നവകേരളം പ്രതിജ്ഞ സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ പ്രീതീ മേനോന്‍ സ്വാഗതവും ആര്‍.ജി.എസ്.എ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എക്‌സ്‌പേര്‍ട്ട് മുഹമ്മദ് ഫാസില്‍ നന്ദിയും പറഞ്ഞു.