കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊന്നു കൊക്കയില്‍ എറിഞ്ഞതായി താനൂര്‍ സ്വദേശിയായ പുരുഷ സുഹൃത്ത്. സംഭവത്തില്‍ നാടുകാണിയില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. നവംബര്‍ ഏഴിനാണ് സൈനബയെ കാണാതായത്. എട്ടാം തീയതി ബന്ധുക്കള്‍ കസബ സ്റ്റേഷനില്‍ പരാതി നല്‍കി. മിസ്സിങ് കേസില്‍ അന്വേഷണം നടത്തിവരുകയായിരുന്നു പോലീസ്. സൈനബയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ രീതിയില്‍ ഒരാളെ കണ്ടെത്തിയിരുന്നു. താനൂര്‍ സ്വദേശിയായ 54-കാരനെ ചോദ്യം ചെയ്തപ്പോളാണ് സ്വര്‍ണത്തിന് വേണ്ടി സൈനബയെ കൂട്ടിക്കൊണ്ടു പോയി കാറില്‍വെച്ച് കഴുത്ത് ഞെരിച്ച് കൊന്നു എന്ന് മൊഴി നല്‍കിയത്.
മൃതദഹേം നാടുകാണി ചുരത്തില്‍ നിന്ന് താഴേക്കിട്ടു എന്നാണ് മൊഴി. ഇതിനെ തുടര്‍ന്ന് കസബ പോലീസ് മൃതദേഹം കണ്ടെത്താനായി നിലമ്പൂര്‍ -ഗൂഡല്ലൂര്‍ മേഖലയില്‍ തെരച്ചില്‍ തുടങ്ങി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏഴാം തീയതി ഉച്ചയോടെ സൈനബയെ സുഹൃത്ത് സമദും സമദിന്റെ സുഹൃത്ത് സുലൈമാനും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് കാറില്‍ കയറ്റി കൊണ്ടുപോയത്. മുക്കം ഭാഗത്ത് വെച്ച് കാറില്‍ വെച്ച് സൈനബയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം നാടുകാണി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ഇടുകയായിരുന്നു.
17 പവനോളം സ്വര്‍ണമാണ് സൈനബ ധരിച്ചിരുന്നത്. ഇത് കൈക്കലാക്കാനാണ് കൊലപാതകം എന്നാണ് മൊഴി. പോലീസ് മൃതദേഹം കണ്ടെത്താനായുളള തിരച്ചില്‍ തുടങ്ങി