ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ; പ്രതിക്ക് തൂക്കുകയര്‍

ആലുവ: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലമിന് വധശിക്ഷ. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. എറണാകുളം പോക്സോ കോടതി ചൊവ്വാഴ്ച രാവിലെയാണ് വിധി പ്രസ്താവിച്ചത്. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നു കോടതി നിരീക്ഷിച്ചു.കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി 13 കുറ്റങ്ങളും പ്രതികക്കെതിരെ കോടതി ശരിവച്ചു.

പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. കേസ് അപൂര്‍വമായ ഒന്നായി കണക്കാക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ പ്രതിയുടെ പ്രായം കണക്കിലെടുത്ത് പശ്ചാത്തപിക്കാന്‍ അവസരം നല്‍കണമെന്ന് പ്രതിഭാഗം വാദിച്ചു. അസ്ഫാഖിന്റെ മാനസിക നിലയെക്കുറിച്ചും ജയിലിലെ പെരുമാറ്റത്തെക്കുറിച്ചും കോടതി നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രതി മുന്‍പും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നല്‍കുന്നതിലേക്ക് കോടതിയെ നയിച്ചു.

ജൂലായ് 28 വൈകുന്നേരം മൂന്ന് മണിയോടെ ആലുവയില്‍ വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാര്‍ക്കറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.

ജൂലായ് 28 വൈകുന്നേരം 3.30 ന് ആലുവയില്‍ ബസ് ഇറങ്ങിയ പ്രതി അസ്ഫാക്ക് ആലം കുട്ടിയുമായി മാര്‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോവുകയായിരുന്നു. 3.45 ഓടെ കുട്ടിയെ കാണാനില്ലെന്നറിഞ്ഞ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങി. വൈകിട്ട് 5 മണിയോടെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതി വൈകിട്ട് 5.30 ഓടെ മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ചു. പിന്നീട് ആലുവ നഗരത്തിലേക്ക് മടങ്ങി. രാത്രി 9 മണിയോടെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ അധികം വൈകാതെ തന്നെ പിടികൂടി. എന്നല്‍ ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയില്‍ നിന്ന് പൊലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. രാത്രി മുഴുവന്‍ കുട്ടിക്കായി കേരളമൊട്ടാകെ തിരച്ചില്‍ തുടര്‍ന്നു. ജൂലായ് 29, ശനിയാഴ്ച രാവിലെയും കുട്ടിക്കായി അന്വേഷണം നടന്നു. ഇതിനിടെ രാവിലെ 11 മണിക്ക് ആലുവ മാര്‍ക്കറ്റിന് പിറകില്‍ കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ജൂലൈ 30 ഞായറാഴ്ച ആലുവയില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.

കേസ് യുദ്ധകാലാടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി (എറണാകുളം റൂറല്‍) വിവേക് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. ആലുവ പോലീസ് ആസ്ഥാനത്ത് അന്വേഷണം ആരംഭിച്ചതിന്റെ ദിവസങ്ങള്‍ അടയാളപ്പെടുത്തുന്ന ബോര്‍ഡും സ്ഥാപിച്ചു. സംഭവം നടന്ന് 33 ദിവസത്തിനകം 645 പേജുള്ള കുറ്റപത്രമാണ് സംഘം സമര്‍പ്പിച്ചത്. സാഹചര്യത്തെളിവുകള്‍, സൈബര്‍, ഫോറന്‍സിക് തെളിവുകള്‍, ഡോക്ടര്‍മാരുടെ വിദഗ്ധ അഭിപ്രായങ്ങള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. കുറ്റപത്രത്തില്‍ 40-ലധികം സാക്ഷികളുടെ മൊഴികളും 95 രേഖകളും പാദരക്ഷകള്‍, തുണി തുടങ്ങിയ വസ്തുക്കളെക്കുറിച്ചുള്ള വിശദമായ പരാമര്‍ശങ്ങളും ഉണ്ടായിരുന്നു.

ഓഗസ്റ്റ് 1, ചൊവ്വാഴ്ച നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു. ഓഗസ്റ്റ് 3, വ്യാഴാഴ്ച പ്രതിയുമായി ആലുവ മാര്‍ക്കറ്റ് പരിസരത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. ഓഗസ്റ്റ് 6, ഞായറാഴ്ച പ്രതിയുമായി കുട്ടിയുടെ വീട്ടിലും ആലുവ മാര്‍ക്കറ്റിലും തെളിവെടുപ്പ് നടന്നു. വൈകാരികമായാണ് ഈ സമയത്ത് കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതികരിച്ചത്. സെപ്തംബര്‍ 1 വെള്ളിയാഴ്ച, ക്രൂരകൃത്യം നടന്ന് 35-ാം ദിവസം പൊലീസ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ 645 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു.

ഒക്ടോബര്‍ 4, ബുധനാഴ്ചയാണ് കേസില്‍ വിചാരണ തുടങ്ങിയത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളിലായിരുന്നു വിചാരണ. 26 ദിവസത്തെ വിചാരണക്ക് പിന്നാലെ നവംബര്‍ നാല് ശനിയാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിയുടെ മാനസികാരോഗ്യം പരിശോധിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച കോടതി ശിക്ഷാവിധി പുറപ്പെടുവിക്കുന്നത് നീട്ടിവച്ചു. പിന്നീട് മാനസിക പരിശോധന നടത്തിയെങ്കിലും അസ്ഫാക് ആലത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന് പിന്നാലെ നടന്ന വാദത്തിനൊടുവിലാണ് കേസില്‍ ഇന്ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയത്. പ്രോസിക്യൂഷനും കുടുംബവും പ്രതീക്ഷിച്ചത് പോലെ ക്രൂരകൃത്യം നടത്തിയ പ്രതിക്ക് ഒടുവില്‍ കൊലക്കയര്‍ തന്നെ കോടതി വിധിച്ചു. അഡ്വ ജി മോഹന്‍ രാജായിരുന്നു കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

error: Content is protected !!