പൊന്നാനി : സർവതല സ്പർശിയായ, സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്നാനി ഹാർബർ ഗ്രൗണ്ടിൽ നടന്ന പൊന്നാനി മണ്ഡല നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയും താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജുകളിൽ വരെ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കിയും വിപുലമായ അടിസ്ഥാന സൗകര്യമാണ് ആരോഗ്യ മേഖലയിൽ നടപ്പാക്കിയത്. കോവിഡ് കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ വൈഷമ്യം നേരിട്ടപ്പോൾ ഓക്സിജൻ ബെഡ്, ഐസിയു ബെഡ്, വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ സജ്ജമായിരുന്നു. ഇത് ആർദ്ര മിഷൻ ശാക്തീകരിച്ച് നേടിയെടുത്തതാണ്. കോവിഡ് ബാധിതരെ മുഴുവൻ സൗജന്യമായി സംസ്ഥാനം ചികിത്സിച്ചു.
കഴിഞ്ഞ ഏഴര വർഷക്കാലമായി 10 ലക്ഷത്തിലധികം വിദ്യാർത്ഥികൾ സർക്കാർ സ്കൂളിൽ വർദ്ധിച്ചു. പൊതുവിദ്യാലയങ്ങളുടെ സ്വീകാര്യതയും വർഷംതോറും കൂടിവരുന്നു.
എല്ലാ മേഖലയിലും കേരളം മികവോടെ മുന്നോട്ടു പോകുന്നുണ്ടെങ്കിലും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. 57,000ത്തിലധികം കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്. ഇത്തരത്തിൽ പണം തടഞ്ഞുവച്ച് കേരളത്തെ പിറകോട്ടടിപ്പിക്കുന്ന സാഹചര്യത്തിലും കേരളം തളരാതെ മുന്നോട്ട് പോകുന്നതിന്റെ തെളിവാണ് നവകേരള സദസ്സിന് ലഭിക്കുന്ന ബൃഹത്തായ ജനപിന്തുണ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയിൽ പി നന്ദകുമാർ എം എൽ എ അധ്യക്ഷനായി. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാധാകൃഷ്ണൻ, പി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. മറ്റ് മന്ത്രിമാർ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി വേണു തുടങ്ങിയവരും സംബന്ധിച്ചു. നോഡൽ ഓഫീസറും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുമായ പി കെ രഞ്ജിനി സ്വാഗതവും പൊന്നാനി തഹസിൽദാർ കെ ജി സുരേഷ് കുമാർ നന്ദിയും പറഞ്ഞു