തിരൂരങ്ങാടി (ഹിദായ നഗർ): രാജ്യത്തിനകത്തും പുറത്തും സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതുമാതൃക സൃഷ്ടിക്കുന്ന ദാറുൽഹുദാ ഇസ്ലാമിക സർവ്വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. വാഴ്സിറ്റിയുടെ 26-ാം ബാച്ചിൽ നിന്ന് 12 വർഷത്തെ പഠനവും രണ്ടു വർഷത്തെ നിർബന്ധിത സാമൂഹിക സേവനവും പൂർത്തിയാക്കിയ 212 യുവ പണ്ഡിതരാണ് ഹുദവി ബിരുദം നേടിയത്. ഇതിൽ 15 പേർ വാഴ്സിറ്റിയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷന് കീഴിൽ പഠനം നടത്തിയ കേരളതര വിദ്യാർത്ഥികളാണ്. ഇതോടെ സർവകലാശാലയിൽ നിന്ന് ബിരുദപട്ടം സ്വീകരിച്ചവരുടെ എണ്ണം 3029 ആയി.
മൂന്നുദിവസം നീണ്ടുനിന്ന ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന്റെ സമാപനം സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വാഴ്സിറ്റി ചാൻസലർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. യുവ പണ്ഡിതർക്കുള്ള ബിരുദദാനവും അദ്ദേഹം നിർവഹിച്ചു. വൈസ്ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണവും സമസ്ത ജന. സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അനുഗ്രഹ ഭാഷണവും നടത്തി. ഹുദവി ഫൈനൽ പരീക്ഷയിലെ റാങ്ക് ജേതാക്കൾക്ക് ദാറുൽഹുദാ ഖത്തർ കമ്മിറ്റി നൽകുന്ന ക്യാഷ് അവാർഡ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നൽകി.
ദാറുൽഹുദാ ജന.സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം, ഹംസക്കുട്ടി മുസ്ലിയാർ ആദൃശ്ശേരി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി.വി അബ്ദുൽ വഹാബ് എം.പി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കെ.പി.എ മജീദ് എം.എൽ.എ, പി.കെ അബ്ദുൽ ഗഫൂർ ഖാസിമി, അബ്ദുസ്സമദ് പൂക്കോട്ടൂർ, മുസ്തഫ ഹുദവി ആക്കോട് പ്രസംഗിച്ചു. ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.എം സൈദലവി ഹാജി പുലിക്കോട്, ഹംസ ഹാജി മൂന്നിയൂർ, സി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീൻ ഹാജി, നാലകത്ത് സൂപ്പി, സി.എം അബ്ദുസ്സമദ് ഫൈസി, മഖ്ദൂം എം.പി മുത്തുക്കോയ തങ്ങൾ ഐദറൂസി, ടി.എം ഹൈദർ ഹാജി, സി.കെ.കെ മാണിയൂർ, കെ.എ മുഹമ്മദ് ബശീർ, മുനീർ ഹാജി സിർസി, കെ.എം അസീം മൗലവി കണ്ണൂർ, എസ്.എ ഷാജഹാൻ ദാരിമി പനവൂർ എന്നിവർ സംബന്ധിച്ചു.
ഇന്നലെ രാവിലെ 10 മണിക്ക് നടന്ന ഹുദവി സംഗമം സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പണ്ഡിതർക്കുള്ള സ്ഥാനവസ്ത്ര വിതരണവും അദ്ദേഹം നിർവഹിച്ചു. ദാറുൽഹുദാ പി.ജി വിഭാഗം ഡീൻ പി. അബ്ദുശ്ശക്കൂർ ഹുദവി ചെമ്മാട് അധ്യക്ഷനായി. കെ.സി മുഹമ്മദ് ബാഖവി ഉദ്ബോധനഭാഷണം നടത്തി. രജിസ്ട്രാർ ഡോ. റഫീഖ് ഹുദവി കരിമ്പനക്കൽ, ഉമറുൽ ഫാറൂഖ് ഹുദവി പാലത്തിങ്ങൽ, പി.കെ അബ്ദുന്നാസിർ ഹുദവി കൈപ്പുറം സംസാരിച്ചു. കെ.എൻ മുസ്തഫ ഹാജി, പി .വി മുഹമ്മദ് മൗലവി, മീറാൻ ദാരിമി കാവനൂർ, ഇബ്രാഹിം ഫൈസി തരിശ്, ഇ.കെ മൻസൂർ ഹുദവി പയ്യനാട്, സുബൈർ ഹുദവി ചേളാരി, എ. കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഷമീർ ഫൈസി ഒടമല, സി.എം ഹുസൈൻ ഹാജി, പി.വി വീരാൻ ഹാജി പങ്കെടുത്തു.
212 ഹുദവി പണ്ഡിതർ കൂടി കർമഗോദയിൽ
ഹിദായ നഗർ: ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ 26-ാം ബാച്ചിൽനിന്ന് പന്ത്രണ്ട് വർഷത്തെ ദാറുൽഹുദാ കോഴ്സും ദ്വിവർഷ നിർബന്ധിത സാമൂഹിക സേവനവും പൂർത്തിയാക്കി 212 ഹുദവി പണ്ഡിതർ കൂടി ബിരുദപട്ടം സ്വീകരിച്ച് കർമഗോദയിലേക്ക്. ഇതിൽ 197 മലയാളികളും 15 പേർ കേരളേതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. വിദ്യാഭ്യാസ-സാമൂഹിക-സംസ്കാരിക ഉന്നമനത്തിന് ക്രിയാത്മകമായ ഇടപെടലുകൾ നടത്തുമെന്ന ദൃഢപ്രതിജ്ഞയുമായി ബിരുദപട്ടം ഏറ്റുവാങ്ങിയതോടെ സർവകലാശാലയിൽ നിന്ന് പുറത്തിറങ്ങിയവരുടെ എണ്ണം 3029 ആയി. കേരളത്തിനകത്തും പുറത്തും മത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വാഴ്സിറ്റിക്ക് കീഴിൽ വിവിധ സഹസ്ഥാപനങ്ങളിലും ഓഫ്കാമ്പസുകളിലുമായി 7939 വിദ്യാർഥികൾ പഠനം നടത്തികൊണ്ടിരിക്കുന്നു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലായി പ്രശസ്ത സർവകലാശാല പ്രൊഫസർമാർ, അക്കാദമിക ഗവേഷകർ, സാമൂഹിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ ഹുദവികൾ സേവനം ചെയ്തുകൊണ്ടിരിക്കുന്നു.