തിരൂരങ്ങാടി : മൂന്നിയൂർ തലപ്പാറയിൽ നിന്നും നാല് കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കഞ്ചാവ് ഇവിടെ എത്തിച്ച് കൈമാറ്റം ചെയ്യുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചതിനാൽ തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയുടെ നേതൃത്വത്തിൽ എക്സൈസ് പാർട്ടി രഹസ്യ നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾക്ക് വേണ്ടി ഈ ഭാഗത്ത് വിതരണം നടത്താൻ വേണ്ടി എത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. തലപ്പാറയിലെ പുതുതായി നിർമ്മിക്കുന്ന ദേശീയപാത 66 ൽ അന്യസംസ്ഥാനത്തുനിന്നും എത്തുന്ന ബസ്സിൽ നിന്നും പ്രദേശവാസികളായ കഞ്ചാവ് മൊത്ത വിതരണക്കാർക്ക് കഞ്ചാവ് കൈമാറുന്നതായി ഉള്ള രഹസ്യ വിവരത്തിന്മേൽ ഈ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ എക്സൈസ് സംഘം രഹസ്യമായി നിരീക്ഷിക്കുന്നതിനിടെയാണ് കഞ്ചാവ് ഉപേക്ഷിച്ചതായി കണ്ടെത്തിയത്.
കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പ്രതിയെക്കുറിച്ചും കഞ്ചാവ് സ്വീകരിക്കാൻ എത്തിയ പ്രാദേശിക കഞ്ചാവ് മൊത്ത വിതരണക്കാരെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചതായും വരും ദിവസങ്ങളിൽ ഇവരെ പിടികൂടാൻ ആകുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ള അറിയിച്ചു.
ഈ ഡിസംബർ മാസത്തിൽ തിരൂരങ്ങാടി എക്സൈസ് പിടികിടുന്ന രണ്ടാമത്തെ മേജർ കേസാണിത്. പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പുറമേ പ്രവെൻ്റിവ് ഓഫീസർ പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ദിദിൻ, പ്രശാന്ത് തുടങ്ങിയവരും പങ്കെടുത്തു.