Monday, August 18

മൂന്നിയൂരില്‍ പരിശോധന തുടരുന്നു ; കണ്ടെത്തിയത് ഒട്ടേറെ നിയമ ലംഘനങ്ങള്‍, കടുത്ത നടപടി സ്വീകരിച്ച് അധികൃതര്‍

തിരൂരങ്ങാടി : മൂന്നിയൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസെന്‍സ് ഇല്ലാതെ കട പ്രവര്‍ത്തിപ്പിക്കല്‍, ശുചിത്വമില്ലായ്മ, തിയ്യതി രേഖപ്പെടുത്താതെ പായ്ക്ക് ചെയ്ത് സാധനങ്ങള്‍ വില്‍ക്കല്‍ മുതലായയാണ് പരിശോധനയില്‍ കണ്ടെത്തിയത്. സ്ഥാപനങ്ങള്‍ക്കെതിരെ താക്കീത്, നോട്ടീസ് നല്‍കല്‍, പിഴ ഈടാക്കല്‍, കട താല്‍ക്കാലികമായി അടപ്പിക്കല്‍ മുതലായ നടപടികള്‍ സ്വീകരിച്ചു.

പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ് ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഒരാഴ്ചക്കുള്ളില്‍ ലൈസന്‍സ് എടുക്കണമെന്നും, അതു കഴിഞ്ഞാല്‍ കര്‍ശന നടപടിയിലേക്ക് കടക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഉണ്ണി മുന്നറിയിപ്പ് നല്‍കി. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആറു മാസം കൂടുമ്പോള്‍ കുടിവെള്ള ഗുണനിലവാര പരിശോധനയും, എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡും എടുക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് റഫീഖ് പുള്ളാട്ട് അറിയിച്ചു.

മൂന്നിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം എച്ച്.ഐ ഹസിലാല്‍.കെ.സി, ഗ്രാമപഞ്ചായത്ത് എച്ച്.ഐ ദീപ്തി. പി , എഫ്.എച്ച്.സിയിലെ ജെ.എച്ച്.ഐ മാരായ ജോയ് .എഫ്, പ്രശാന്ത്.വി,ജൈസല്‍ കെ.എം,പ്രദീപ് കുമാര്‍.എ.വി , അശ്വതി.എം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

error: Content is protected !!