തിരുവനന്തപുരം കാട്ടാക്കടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലില്‍ പോലീസ് വാഹനം കയറിയിറങ്ങി ഗുരുതര പരിക്ക്. പ്രവര്‍ത്തകന്റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറല്‍ സെക്രട്ടറി അന്‍സലാ ദാസന്റെ കാലാണ് ഒടിഞ്ഞത്. തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം മനഃപൂര്‍വം ആന്‍സല ദാസന്റെ കാലിലൂടെ കയറ്റിയതായി കോണ്‍ഗ്രസ് ആരോപിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലെ നവകേരള സദസ് പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവം എത്തിയപ്പോഴാണ് കാട്ടാക്കട ജങ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമാണ് അപകടം സൃഷ്ടിച്ചത്. വാതില്‍ തുറന്നുപിടിച്ച നിലയിലാണ് വാഹനം ഓടിച്ചുകയറ്റിയത്. വാഹനത്തിന്റെ വാതിലില്‍ത്തട്ടി നിലത്തുവീണ ആന്‍സല ദാസനെ പിന്നാലെ വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനിടെ പൊലീസാണ് ഇയാളെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആദ്യം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും, അവിടെനിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.