പ്രാങ്ക് കാര്യമായി ; താനൂരില്‍ മദ്രസ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

താനൂര്‍ : കോര്‍മന്‍ കടപ്പുറം ഫഖീര്‍ പള്ളിക്കു സമീപം, മദ്രസ വിട്ട് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഫക്കീര്‍ബീച്ച് ബീരാന്‍കുട്ടിന്റെ പുരക്കല്‍ യാസീന്‍ (18), കോര്‍മന്‍ കടപ്പുറം കോട്ടിലകത്ത് സുല്‍ഫിക്കര്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ 8.30നാണ് സംഭവം. കോര്‍മന്‍ കടപ്പുറം ദഅവ മദ്രസ വിദ്യാര്‍ത്ഥിയായ അഞ്ച് വയസുകാരനെ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

വീടിന്റെ അടുത്ത് തന്നെയായിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ സംഘം കുട്ടിയുടെ അടുത്തെത്തി ബലം പ്രയോഗിച്ച് സ്‌കൂട്ടറില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയും കൂട്ടുകാരും ബഹളം വെച്ചതോടെ സംഘം രക്ഷപ്പെട്ടു. ഇതോടെ പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന വാര്‍ത്ത പ്രചരിച്ചു. ഇത് നാട്ടുകാര്‍ ഏറെ പരിഭ്രാന്തിയിലാക്കി. കുട്ടി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് രക്ഷിതാക്കള്‍ താനൂര്‍ പൊലീസില്‍ പരാതി നല്‍കി. പ്രദേശത്തെ സി.സി.ടി.വിയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ മുഖം മറച്ചെത്തിയ ഇവരില്‍ ഒരാള്‍ സ്‌കൂട്ടറില്‍നിന്ന് ഇറങ്ങി കുട്ടിയെ എടുത്തു വണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുന്നതും കൂടെയുണ്ടായിരുന്ന കുട്ടികള്‍ എതിര്‍ക്കുന്നതും വ്യക്തമാണ്. കുട്ടികളുടെ എതിര്‍പ്പും ബഹളം വയ്ക്കലും കാരണം ശ്രമം ഉപേക്ഷിച്ച് സ്‌കൂട്ടറില്‍ തന്നെ കടന്നുകളയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ വീടിന്റെ പരിസരത്ത് തന്നെയുള്ള ഇവര്‍ തമാശയ്ക്ക് ചെയ്തതാണെന്നാണ് പൊലീസിന് നല്‍കിയ മൊഴി. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

തമാശയ്ക്കായി ഇത്തരം പ്രവൃത്തികള്‍ നടത്തുന്ന സംഭവങ്ങള്‍ മേഖലയില്‍ കൂടി വരുന്നുണ്ടെന്നും വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥകള്‍ വ്യാപകമായത് കൂടി കണക്കിലെടുത്താണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് താനൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്ത് അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

error: Content is protected !!