Monday, December 22

ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു ; പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കൂടിയ മന്ത്രിയായി കടന്നപ്പള്ളി

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇരുവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗണേഷ് കുമാറിന് ഗതാഗത വകുപ്പായിരിക്കും നല്‍കുക. രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നല്‍കുമെന്നുമാണ് ഇതുവരെയുള്ള വിവരം.

ഇത് മൂന്നാം തവണയാണ് ണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിയാകുന്നത്. 2001-ലെ എ.കെ. ആന്റണി നയിച്ച യു.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ഗണേഷ് കുമാര്‍. എന്നാല്‍ 2003-ല്‍ പിതാവ് ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിയാകാന്‍ വേണ്ടി ഗണേഷ് രാജി വയ്ക്കുകയായിരുന്നു. 2011-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായി. എന്നാല്‍ ഭാര്യ യാമിനിയുമായുള്ള വിവാഹ മോചന തര്‍ക്കത്തെ തുടര്‍ന്ന് 2013-ല്‍ രാജിവെക്കേണ്ടി വന്നു.

അതേസമയം രണ്ടാം പിണറായി സര്‍ക്കാരിലെ പ്രായംകൂടിയ മന്ത്രിയായി കടന്നപ്പള്ളി രാമചന്ദ്രന്‍ മാറി. 79 വയസാണ് അദ്ദേഹത്തിന്റെ പ്രായം. മുഖ്യമന്ത്രി പിണറായി വിജയന് 78 വയസാണുള്ളത്. നേരത്തെ 2009 ഓഗസ്റ്റ് 17 മുതല്‍ 2011 മേയ് 14 വരെ ദേവസ്വം, പ്രിന്റിംഗ്, സ്റ്റേഷനറി വകുപ്പ് മന്ത്രിയും 2016 മെയ് 25, മുതല്‍ 2021 മെയ് 3 വരെ തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രിയുമായിരുന്നു.

error: Content is protected !!