മുഖ്യമന്ത്രി – ഗവര്‍ണര്‍ പോര് തുടരുന്നു ; സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖം തിരിച്ചും ഹസ്തദാനം നല്‍കാതെയും ഇരുവരും, ഗവര്‍ണറുടെ ചായ സത്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഗവര്‍ണര്‍ – മുഖ്യമന്ത്രി പോര് തുടരുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വേദിയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം മുഖം കൊടുക്കാനോ ഹസ്തദാനം ചെയ്യാനോ തയ്യാറായില്ല. പിന്നാലെ ചായ സത്കാരം കൂട്ടത്തോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ചായസത്കാരമാണ് ബഹിഷ്‌കരിച്ചത്. പുതുതായി സത്യപ്രതിജ്ഞ ചെയ്ത കെബി ഗണേഷ്‌കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും മാത്രമാണ് മന്ത്രിസഭയില്‍നിന്ന് ചായ സത്കാരത്തില്‍ പങ്കെടുത്തത്.

മുഖ്യമന്ത്രിയും ഗവര്‍ണറും ചടങ്ങിനിടെ തൊട്ടടുത്ത സീറ്റിലിരുന്നിട്ടും പരസ്പരം നോക്കുക പോലും ചെയ്തില്ല. ചടങ്ങ് ആരംഭിച്ചത് മുതല്‍ ഇരുവരും പരസ്പരം മുഖത്തു പോലും നോക്കിയില്ല. ചടങ്ങ് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നോക്കുക പോലും ചെയ്യാതെ മടങ്ങുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയും രാജ് ഭവനിലെ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മടങ്ങി. പരസ്പരം സംസാരിക്കാനോ ഹസ്തദാനം ചെയ്യാനോ അഭിവാദ്യം ചെയ്യാനോ ഇരുവരും തയ്യാറായില്ല.

error: Content is protected !!