തിരൂരങ്ങാടി: തിരൂരങ്ങാടി ജോയ്ന്റ് ആര് ടി ഓഫീസിലെ ഉദ്യോഗസ്ഥന് അല്ലാത്ത ആള് ജോലി ചെയ്തതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ വാഹന അപകടനിവാരണ സമിതി (മാപ്സ്) പരാതി നല്കി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ശ്രീജിത്ത് ഐപിഎസിനും പുതിയ ട്രാന്‍സ്പോര്‍ട്ട് മന്ത്രി ഗണേഷ് കുമാറിനുമാണ് വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് അന്വേഷണം ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരവാഹികള്‍ പരാതി നല്‍കിയത്.
വ്യാജ ഉദ്യോഗസ്ഥനായി ചമഞ്ഞ സുജീഷ് എന്നയാള്‍ക്കെതിരെ അടിയന്തര നിയമനടപടിയെടുക്കണമെന്നും വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് നല്കുന്ന പ്രവര്‍ത്തിക്കായിയാണ് വാഹനങ്ങള്‍ കാണുക പോലും ചെയ്യാതെ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു.
പഴയ ഉദ്യോഗസ്ഥന്റെ കയ്യാളായി വന്ന് പതുക്കെ പതുക്കെ ഉദ്യോഗസ്ഥനായ ചമയുകയായിരുന്നു. നേരിട്ടു ചെന്നാല്‍ എല്ലാ പേപ്പറുകളും ക്ലിയര്‍ ആണെങ്കില്‍ പോലും ഏജന്റ് മുഖാന്തരം വരണമെന്ന് ഇയാള്‍ പറയുന്നതായി ഡ്രൈവര്‍മാര്‍ ആരോപിക്കുന്നുണ്ട്. വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അഴിമതിയെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരെ നിയമപരമായി ശിക്ഷിക്കണമെന്നും ഇയാള്‍ ഉപയോഗിച്ച ലോഗിനില്‍ ഫിറ്റ്നസ് പാസാക്കിയ വാഹനങ്ങള്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ റീവാലുവേഷന് വിധേയമാക്കണമെന്നും അല്ലാത്തപക്ഷം അത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുമെന്നും ഭാരവാഹികളായ മാപ്സ് ജില്ലാ സെക്രട്ടറി അബ്ദുല്‍ റഹീം പൂക്കത്ത്, അഷ്റഫ് മനരിക്കല്‍, സലാം മച്ചിങ്ങല്‍ എന്നിവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.