തിരൂരങ്ങാടി : തെന്നല – കോട്ടക്കല്‍ റൂട്ടില്‍ ഓടുന്ന അല്‍-നാസ് ബസിന്റെ കാരുണ്യ യാത്രയില്‍ പങ്കാളിയായി തെന്നല കറുത്താല്‍ റിയല്‍ യൂത്ത് സെന്റര്‍. ബസ് ജോലിക്കിടെ അകാലത്തില്‍ വിട്ടുപിരിഞ്ഞ ജംഷീര്‍ തറമണ്ണിലിന്റെ കുടുംബത്തിനു വീടു വെച്ചു നല്‍കാന്‍ മുന്നൂറോളം ബസുകളാണു ഈ കാരുണ്യയാത്രയില്‍ സര്‍വ്വീസ് നടത്തിയത്. തെന്നല റൂട്ടില്‍ ഓടുന്ന അല്‍ നാസ് ബസിനു റിയല്‍ യൂത്ത് സെന്റര്‍ മെമ്പര്‍മ്മാര്‍ ചുരുങ്ങിയ സമയം കൊണ്ട് പിരിച്ചെടുത്ത 10,000 രൂപ കളളിയത്ത് പീച്ചിന്റെ നേതൃത്വത്തില്‍ ബസ് ജീവനക്കാര്‍ക്ക് റിയല്‍ ബസ് സ്റ്റോപ്പില്‍ വെച്ച് കൈമാറി. ചടങ്ങില്‍ പി കെ സല്‍മാന്‍, ലത്തീഫ് പൂളക്കല്‍, അന്‍ഷദ് ബാപ്പു, നൂഹ്‌മാന്‍ പി കെ , അഫ്സര്‍ കൂനൂര്‍, ജിന്‍ഷാദ് കെ വി, അബു മന്‍സൂര്‍, ടിപ്പു, അന്‍ഷിദ് എന്നിവര്‍ പങ്കെടുത്തു.
സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന ജംഷീര്‍ കഴിഞ്ഞ ഡിസംബര്‍ 28നാണ് മഞ്ചേരി നെല്ലിപ്പറമ്പില്‍ ലോറി ഇടിച്ച് മരിച്ചത്. ഇതോടെ അനാഥമായ കുടുംബത്തെ സഹായിക്കാന്‍ ബസ് മേഖലയിലുള്ളവര്‍ സഹായ സമിതി രൂപവത്കരിച്ചിരുന്നു. പിന്നാലെ സഹായധനം ശേഖരിക്കാന്‍ മലപ്പുറം ജില്ലയിലെ 300ഓളം ബസുകളെ നിരത്തിലിറക്കി കാരുണ്യ യാത്ര നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
മഞ്ചേരി നെല്ലിപ്പറമ്പില്‍ റോഡിലെ ഗതാഗതക്കുരുക്ക് തീര്‍ക്കാന്‍ ഇറങ്ങിയപ്പോഴാണ് കണ്ടക്ടറായ ജംഷീര്‍ ലോറിയിടിച്ചു മരിച്ചത്. അരീക്കോട് നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ജംഷീര്‍. ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ബസില്‍ നിന്ന് ഇറങ്ങിയ ജംഷീര്‍ ബസിന് എതിരെ ലോറി വന്ന സൈഡിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ ഡ്രൈവര്‍ ലോറി മുന്നോട്ട് എടുത്തപ്പോള്‍ ലോറിക്കും ബസിനുമിടയിലായി ജംഷീര്‍. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.