
മൂന്നിയൂർ : മൂന്നിയൂർ പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന കോസ്റ്റൽ റെഗുലേഷൻ സോൺ ( CRZ ) തീരദേശ നിയന്ത്രണ മേഖലയിൽ നിന്ന് മൂന്നിയൂർ പഞ്ചായത്ത് ഇനിയും മോചിതമായിട്ടില്ല. സി. ആർ. സെഡ്. നിയമത്തിന്റെ പരിധിയിൽ നിന്നും മൂന്നിയൂർ പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണ സമിതിയും സംസ്ഥാന സർക്കാറാണ് ഇതിന് മുൻ കൈ എടുത്തിട്ടുള്ളതെന്ന് ഇടതുപക്ഷവും അവകാശ വാദമുന്നയിക്കുന്നതിനിടെയാണ് മൂന്നിയൂർ പഞ്ചായത്ത് പരിധിയിൽ ഇപ്പോഴും സി.ആർ. സെഡ് നിയമം നില നിൽക്കു ന്നുണ്ടെന്ന് തദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കുന്നത്. പൊതുപ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറ വിവരാവകാശ നിയമ പ്രകാരം പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് മൂന്നിയൂർ പഞ്ചായത്തിൽ 1996 മുതൽ സി.ആർ. സെഡ് നിയമം ബാധകമാണെന്നും പഞ്ചായത്തിൽ സി. ആർ. സെഡ്. നിയമം പിൻവലിച്ചിട്ടില്ലെന്നും മൂന്നിയൂരിൽ ഇപ്പോഴും സി.ആർ. സെഡ്. നിയമം പ്രാബല്യത്തിലുണ്ടെന്നും അറിയിച്ചിട്ടുള്ളത്.
തീരദേശ നിയന്ത്രണ മേഖലയിൽ മൂന്നിയൂർ പഞ്ചായത്ത് ഇപ്പോഴും നില നിൽക്കുന്നതിനാൽ കടലൂണ്ടി പുഴയുടെ പരിസര പ്രദേശത്തുള്ള സാധാരക്കാരായവർക്ക് വീട് നിർമ്മാണത്തിനുള്ള അനുമതിയോ വീട് വെച്ചവർക്ക് വീട്ട് നമ്പറോ ഇത് മൂലം ലഭിക്കുന്നില്ല. എന്നാൽ വൻകിട ക്കാർ വലിയ വീടുകളും വൻകിട കെട്ടിടങ്ങളും ഈ നിയമം നില നിൽക്കെ തന്നെ പണിയുന്നുമുണ്ട്.സി.ആർ. സെഡ് നിയമത്തിൽ നാല് കാറ്റഗറികളാണ് ഉള്ളത്. ഇതിൽ മൂന്നിയൂർ പഞ്ചായത്ത് ഗ്രാമ പ്രദേശങ്ങൾ ഉൾപ്പെടുന്ന മൂന്നാം കാറ്റഗറിയിലാണുള്ളത്. ഇത് പ്രകാരം പുഴയുടെ 100 മീറ്റർ ചുറ്റളവിൽ കാർഷികാവശ്യങ്ങൾക്കല്ലാത്ത മറ്റ് യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും അനുവദനീയമല്ല.
ഉയർന്ന വേലിയേറ്റ വരകൾക്കും താഴ്ന്ന വേലിയേറ്റ വരകൾക്കും ഇടയിലുള്ള കടൽ തീര പ്രദേശങ്ങളിൽ 500 മീറ്റർ ചുറ്റളവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ട്. മൂന്നിയൂർ പഞ്ചായത്ത് മൂന്ന് ഭാഗവും കടലൂണ്ടി പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ്. മണ്ണട്ടാം പാറ മുതൽ പാറക്കടവ് വരെയുള്ള പഞ്ചായത്തിലെ 11, 13, 14, 15, 17,18, വാർഡുകൾ ഇപ്പോൾ സി.ആർ. സെഡിന്റെ പരിധിയിലാണ്. ഈ പ്രദേശങ്ങളിൽ വീടെടുത്ത് താൽക്കാലിക നമ്പർ എടുത്തവർക്ക് അത് നിയമാനുസൃതമാക്കത്തതിനാൽ ഭീമമായ നികുതിയാണ് പഞ്ചായത്തിൽ അടക്കേണ്ടി വരുന്നത്. മൂന്നിയൂരിന്റെ അടുത്ത പ്രദേശങ്ങളായ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലും പുഴയോര പ്രദേശത്ത് ഈ നിയമം പ്രാബല്യത്തിലുമില്ല എന്നുള്ളതും ശ്രദ്ധേയമാണ്.