വിവരാവകാശത്തില്‍ വിചിത്ര മറുപടിയുമായി മൂന്നിയൂര്‍ പഞ്ചായത്ത് സെക്രട്ടറി

തിരൂരങ്ങാടി : വിവരാവകാശത്തില്‍ വിചിത്ര മറുപടിയുമായി മൂന്നിയൂര്‍ പഞ്ചായത്ത് സെക്രട്ടറി. മൂന്നിയൂര്‍ പഞ്ചായത്തില്‍ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വാര്‍ഡ് 11 ലെ താമസക്കരനായ കൊല്ലഞ്ചേരി അഹമ്മദ് കോയ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് വിചിത്രമായ മറുപടി നല്‍കിയിരിക്കുന്നത്. പഞ്ചായത്തില്‍ സി.ആര്‍. സെഡ് നിയമം ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന മറുപടി ഒഴിച്ച് ശേഷം ചോദ്യങ്ങള്‍ക്ക് ചോദ്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല എന്ന അഴകൊഴമ്പന്‍ മറുപടിയാണ് നല്‍കിയിരിക്കുന്നത്.

കാലൂണ്ടി പുഴ കടന്ന് പോവുന്ന മൂന്നിയൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് തടസങ്ങള്‍ ഉണ്ടോ ,സി.ആര്‍. സെഡ് നിയമം നില നില്‍ക്കെ നിര്‍മ്മിച്ച വീടുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ കൊടുത്തവര്‍ക്ക് സ്ഥിര നമ്പര്‍ കൊടുക്കുന്നുണ്ടോ, ഇത്തരക്കാര്‍ക്ക് സ്ഥിര നമ്പര്‍ ലഭിക്കുന്നതിനുള്ള കാലതാമസമെന്ത്, എത്ര വീട്ടുകള്‍ക്ക് നമ്പര്‍ കൊടുത്തു വാര്‍ഡ് അടിസ്ഥാനത്തിലുള്ള കണക്ക് എത്ര, താല്‍ക്കാലിക നമ്പര്‍ കിട്ടിയവര്‍ക്ക് സ്ഥിര നമ്പര്‍ കിട്ടണമെങ്കില്‍ ഉടമസ്ഥര്‍ പിഴ അടക്കേണ്ടതുണ്ടോ ? ഉണ്ടെങ്കില്‍ അതിന്റെ മാനദണ്ഡം എന്ത് എന്ന ചോദ്യങ്ങള്‍ക്കാണ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇതൊന്നും വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന മറുപടി നല്‍കിയിരിക്കുന്നത്.

error: Content is protected !!