കോഴിക്കോട് : താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രസവവേദനയുമായെത്തിയ യുവതിക്ക് ചികിത്സ നല്‍കിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവിട്ടു. ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് മാര്‍ച്ച് 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
താമരശേരി ആശുപത്രിയിലെത്തിയ ഗര്‍ഭിണിയോട് ഗൈനക്കോളജിസ്റ്റ് ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് രോഗിയെ പരിശോധിച്ച ഡ്യൂട്ടി ഡോക്ടര്‍ കുഞ്ഞ് പുറത്തേക്ക് വരുന്നതു കണ്ടപ്പോള്‍ അടിവസ്ത്രം വലിച്ചു കെട്ടി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്‌തെന്നാണ് പരാതി. യഥാസമയം പുറത്തു വരാന്‍ കഴിയാതെ തലച്ചോറിന് ക്ഷതമേറ്റ കുഞ്ഞ് 2 മാസമായി വെന്റിലേറ്ററിലാണ്. കഴിഞ്ഞ ഡിസംബര്‍ 13 നാണ് സംഭവമുണ്ടായത്. മെഡിക്കല്‍ കോളേജില്‍ സുഖപ്രസവമാണ് നടന്നത്. പക്ഷേ അടിവസ്ത്രം വലിച്ചു കെട്ടിയതു കാരണമാണ് തലച്ചോറിന് ക്ഷതമുണ്ടായതെന്ന് അമ്മ പറയുന്നു.