വള്ളിക്കുന്ന് : കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന പ്രസ്സിഡന്റും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന യു. കലാനാഥൻ മാസ്റ്റർ (81) അന്തരിച്ചു.
രണ്ട് തവണ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ആയ അദ്ദേഹം ജനകീയാസൂത്രണ പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. രാജ്യത്തെ ആദ്യത്തെ സ്വരാജ് ട്രോഫി വള്ളിക്കുന്ന് പഞ്ചായത്തിന് ലഭിക്കാൻ കാരണ മായതും കലാനാഥൻ മാസ്റ്ററുടെ പ്രയത്നം ആയിരുന്നു. ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് തെയ്യ വൈദ്യന്റെയും കോച്ചിയമ്മയുടെയും മകനായി 1940ൽ ജനിച്ചു.
ഫാറൂഖ് കോളേജ്, ഫാറൂഖ് ട്രെയിനിങ് കോളേജ് എന്നിവിട ങ്ങളിൽ നിന്ന് ബി എസ് സി, ബി എഡ് ബിരുദങ്ങൾ നേടി. ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂളിൽ 1965 മുതൽ അധ്യാപകൻ. 1965 മുതൽ കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ല ഓർഗനൈസിങ് സെക്രട്ടറി. 1976 മുതൽ 86 വരെ കേരള യുക്തിവാദി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി. 1989 മുതൽ 91 വരെ സംസ്ഥാന പ്രസിഡന്റ്. 1995 മുതൽ വീണ്ടും സംസ്ഥാന പ്രസിഡന്റ് ആയും പ്രവർത്തിച്ചു.
2019ൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ മഹത്തായ സംഭാവനകളെ ആദരിച്ച് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
ആത്മാവ് സങ്കൽപ്പമോ യാഥാർത്ഥ്യമോ?, ജ്യോ ത്സ്യം – ശാസ്ത്രമോ ശാസ്ത്രാഭാസമോ?, മതം സാമൂഹ്യ പുരോഗതിയുടെ ശത്രു ഇസ്ലാംമതവും യുക്തിവാദവും, മതനിരപേക്ഷതയും ഏകസിവിൽകോഡും, യുക്തി രേഖകൾ എന്നിവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.
ഭാര്യ.എം കെ.ശോഭന, മകൻ യു.ഷമീർ. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 3 ന് കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറും.