മലപ്പുറം : തേഞ്ഞിപ്പലം പോക്സോ കേസിൽ ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം വാടക നൽകാൻ കഴിയാത്തതിനാൽ തെരുവിലിറങ്ങേണ്ടി വരുമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു അധികൃതർക്ക് നോട്ടീസയച്ചു. മലപ്പുറം വിമൻ ആന്റ് ചൈൽഡ് ഡവലപ്പമെന്റ് ഓഫീസർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.
മൂന്നു വർഷമായി ഇവർ വാടകകെട്ടിടത്തിലാണ് ഇവർ താമസിക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന മകനുമൊത്താണ് അതിജീവിതയുടെ ഉമ്മ താമസിക്കുന്നത്. ആരോഗ്യ കാരണങളാൽ ജോലിക്ക് പോകാൻ കഴിയുന്നില്ല. അയൽ വീടുകളിൽ നിന്നും നൽകുന്ന ഭക്ഷണം കഴിച്ചാണ് ഇവർ ജീവിക്കുന്നത്. മകൾ ആത്മഹത്യ ചെയ്ത സമയത്ത് വീടും സ്ഥലവും നൽകുമെന്ന് അധികൃതർ വാഗ്ദാനം നൽകിയിരുന്നു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസ് മേയ് 14 ന് തിരൂർ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.