താനൂര്‍ : ദേവധാര്‍ മേല്‍പാലത്തിന് സമീപം അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. കെ.പി. ഹംസ ബാവയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. 8 പവന്‍ സ്വര്‍ണാഭരണം, 25,000 രൂപ, 3.5 ലക്ഷം രൂപ വിലവരുന്ന 3 വാച്ചുകള്‍, ഒട്ടേറെ രേഖകള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. ഗൃഹനാഥന്‍ അസുഖത്തെ തുടര്‍ന്ന് മലപ്പുറം ഒതുക്കുങ്ങല്‍ മകളുടെ വസതിയിലാണ് ഇപ്പോള്‍ താമസം. ഇടയ്ക്ക് മാത്രമാണ് ഇവിടെയെത്തി വീട് തുറക്കുക.
പ്രഭാത സവാരിക്ക് ഇറങ്ങിയവര്‍ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി വീട് പരിശോധിച്ചപ്പോഴാണ് കളവ് നടന്നത് അറിഞ്ഞത്. വീടിന്റെ വാതിലുകളും ജനലുകളും പൊളിച്ചാണ് പ്രതി അകത്ത് കയറിയത്. മുഴുവന്‍ റൂമുകളിലെ അലമാരകളും മേശകളും തുറന്ന് വസ്ത്രങ്ങളും മറ്റും വാരി വിതറിയിട്ടുണ്ട്.
മോഷണത്തിന് ശേഷം ബെഡ് കത്തിച്ചതായാണ് സംശയം. കട്ടിലും ബെഡും കത്തിക്കരിഞ്ഞിട്ടുണ്ട്. റൂം നിറയെ പുക നിറഞ്ഞ് കരിഞ്ഞനിലയിലുമാണ്. ബന്ധുക്കള്‍ ഫര്‍ണിച്ചര്‍ മുറ്റത്തേക്ക് മാറ്റി തീ അണച്ചു. വീട്ടുകാര്‍ സ്ഥലത്തെത്തി പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു.