തിരൂരങ്ങാടി : കൊടിഞ്ഞി സ്വദേശിയും രോഗിയുമായ 85 കാരി കൊടിഞ്ഞിയിലെ വി ടി സ്റ്റോർ എന്ന സ്വകാര്യ സ്ഥാപനത്തിൽ രേഖയില്ലാതെ നിക്ഷേപിച്ച ഏക സമ്പാദ്യമായ 5 ലക്ഷം രൂപ നഷ്ടമായതായി മലപ്പുറം ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കേസ് സിവിൽ സ്വഭാവത്തിലുള്ളതിനാൽ റിപ്പോർട്ട് കോടതിക്ക് നൽകിയതായും പോലീസ് അറിയിച്ചു. നല്ലവരായ നാട്ടുകാരുടെ സഹായംകൊണ്ട് മാത്രമാണ് വയോധികയും മകനും ഇപ്പോൾ ജീവിക്കുന്നതെന്ന് ജില്ലാ വനിതാ – ശിശു വികസന ഓഫീസറും കമ്മീഷനെ അറിയിച്ചു.
കൊടിഞ്ഞിയിലെ വി ടി സ്റ്റോർ എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച 5 ലക്ഷം രൂപ നഷ്ടപ്പെട്ടതു കാരണം വയോധികയും മക്കളും തെരുവിലായെന്ന ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചത്. വയോധികക്ക് നീതി ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു.
തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശിയായ തയിൽ അയമ്മയും മകനുമാണ് സാമ്പത്തിക തട്ടിപ്പിനിരയായത്. ഇവർക്ക് 3 ആൺമക്കളും 5 പെൺമക്കളും ഉണ്ട്. ഇതിൽ 2 ആൺമക്കൾ മരിച്ചു. ഒരു മകൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. വയോധികക്ക് ഓഹരിയായി കിട്ടിയ സ്ഥലം വിറ്റപ്പോൾ കിട്ടിയ 5 ലക്ഷം രൂപ 2018 ൽ വയോധികയും മകൻ മുഹമ്മദ് കുട്ടിയും ചേർന്ന് കൊടിഞ്ഞി വി ടി സ്റ്റോറിൽ നിക്ഷേപിച്ചു. ലാഭ വിഹിതം നൽകാമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. എന്നാൽ ബിസിനസ്സ് തകർന്ന് വി ടി സ്റ്റോർ പൂട്ടി.
സാമ്പത്തിക തട്ടിപ്പിനെതിരെ കടയുടമക്കെതിരെ തിരൂരങ്ങാടി പോലീസ് 32/2022, 45/22,46/22 എന്നീ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കേസുകൾക്ക് സിവിൽ സ്വഭാവമുള്ളതിനാൽ അന്തിമ റിപ്പോർട്ട് പരപ്പനങ്ങാടി കോടതിയിൽ സമർപ്പിച്ചു. അമ്മയ്ക്ക് വീടു നിർമ്മിച്ചു നൽകിയത് നാട്ടുകാരാണ്. ഉമ്മയേയും മകനേയും പരിചരിക്കാൻ പെൺമക്കൾ വീട്ടിൽ മാറി മാറി താമസിക്കാറുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.