കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്കുള്ള ഏക സര്‍വീസും അവസാനിപ്പിച്ച് എയര്‍ഇന്ത്യ. കരിപ്പൂരില്‍് നിന്നും വിട പറയുന്നതോടെ ഈ റൂട്ടിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാവും. കരിപ്പൂര്‍ വിമാനത്താവളം തുടങ്ങിയത് മുതലുണ്ടായിരുന്ന ഷാര്‍ജ, ദുബായ് സര്‍വീസുകള്‍ സ്വകാര്യവത്കരണം വന്നയുടന്‍ എയര്‍ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ദീര്‍ഘകാലമായി ലാഭത്തിലായിരുന്നു ഈ സര്‍വീസുകളെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് എയര്‍ ഇന്ത്യ ഇത് പിന്‍വലിച്ചത്. എയര്‍ ഇന്ത്യ നടത്തിയിരുന്ന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് വരെ നടന്നിട്ടില്ല. ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം നാമമാത്രമായി കൂട്ടുകയാണ് ചെയ്തത്.
ലാഭകരമായിരുന്ന ഡല്‍ഹി സര്‍വീസും അവസാനിപ്പിച്ചതോടെ കുറച്ചുകാലമായി കരിപ്പൂര്‍ -മുംബൈ സര്‍വീസ് മാത്രമായി എയര്‍ ഇന്ത്യ ഒതുങ്ങിയിരുന്നു. ഈ വരുന്ന ജൂണ്‍ 15-ഓടെ എയര്‍ ഇന്ത്യ കരിപ്പൂരില്‍ നിന്നും പിന്‍വാങ്ങുന്നതോടെ കരിപ്പൂര്‍ നിന്ന് മുംബൈയിലേക്ക് ഇന്‍ഡിഗോ എയര്‍ മാത്രമാകും സര്‍വീസ് നടത്തുക. ഇതോടെ ഈ റൂട്ടില്‍ യാത്രാക്കൂലി വര്‍ധിക്കുന്നതോടൊപ്പം ടിക്കറ്റ്
ലഭിക്കാത്ത സാഹചര്യവുമുണ്ടാകും.
യൂറോപ്പ് സെക്ടറില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് എയര്‍ ഇന്ത്യയുടെ പിന്‍മാറ്റം വലിയ തിരിച്ചടിയാവുക. കണക്ടിവിറ്റി ഇല്ലാതാകുന്നതിനാല്‍ യൂറോപ്പ് യാത്രക്കാര്‍ക്ക് ചെലവും സമയവും കൂടുതലാവും.
കോഴിക്കോട് നിന്നുള്ള എയര്‍ ഇന്ത്യയുടെ മുംബെ സര്‍വ്വീസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും എയര്‍ ഇത്യ പിന്‍മാറണമെന്ന് എയര്‍ ഇന്ത്യാ അധികൃതരോടും കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പിനോടും മലബാര്‍ ഡെവലപ്‌മെന്റ്. ഫോറം ( എം.ഡി. എഫ്) കമ്മറ്റി ആവശ്യപ്പെട്ടു. മലബാറില്‍ നിന്നുള്ള ഗള്‍ഫ് , യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും പോവുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ പിന്‍മാറ്റം വലിയ പ്രയാസം സൃഷ്ടിക്കുമെന്നും മുംബെ സര്‍വ്വീസ് നടത്തുന്ന മറ്റ് ഏക സ്വകാര്യ വിമാന കമ്പനി യാത്രക്കാരെ കൂടുതല്‍ ചൂഷണം ചെയ്യുമെന്നും എം.ഡി. എഫ്. ആരോപിച്ചു. ഇതിനെതിരെ രാഷ്ട്രീയ ബഹുജന സംഘടനകള്‍ രംഗത്തിറങ്ങണമെന്നും എം.ഡി. എഫ്. യോഗം ആവശ്യപ്പെട്ടു.
കോഴിക്കോട് ചേര്‍ന്ന എം.ഡി. എഫ്. യോഗത്തില്‍ രക്ഷാധികാരി സഹദ് പുറക്കാട് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഗുലാം ഹുസൈന്‍ കൊളക്കാട്ടില്‍ യോഗം ഉദ്ഘാടനം ചെയ്തു.| ജനറല്‍ സെക്രട്ടറി നിസ്താര്‍ ചെറുവണ്ണൂര്‍, ഫ്രീഡാ പോള്‍, കരീം വളാഞ്ചേരി, അഷ്‌റഫ് കളത്തിങ്ങല്‍ പാറ, അന്‍സാരി കണ്ണൂര്‍ പ്രസംഗിച്ചു. എം. ഡി.എഫ്. ആക്ടിംഗ് പ്രസിഡണ്ടായി അഷ്‌റഫ് കളത്തിങ്ങല്‍ പാറയെ യോഗം തെരഞ്ഞെടുത്തു.