തിരൂരങ്ങാടി : മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 186-ാം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടിയേറും. വൈകീട്ട് അസ്വര്‍ നമസ്‌കാരാനന്തരം മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടി ഉയര്‍ത്തുന്നതോടെ നേര്‍ച്ചക്ക് തുടക്കമാവും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍ വെച്ച് കൂട്ടുപ്രാര്‍ത്ഥന നടക്കും. രാത്രി നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, മമ്പുറം ഖത്വീബ് ഹാശിഫ് ഹുദവി, വി.പി. കോയക്കുട്ടി തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളില്‍ നടക്കുന്ന മത പ്രഭാഷണ പരമ്പരയില്‍ മുസ്ഥഫാ ഹുദവി ആക്കോട്, അന്‍വര്‍ അലി ഹുദവി പുളിയക്കോട്, അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
11 ന് വ്യാഴാഴ്ച രാത്രി പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മമ്പുറം സ്വലാത്ത് നടക്കും.
13 ന് ശനിയാഴ്ച രാവിലെ ”മമ്പുറം തങ്ങളുടെ ലോകം” എന്ന വിഷയത്തില്‍ ചരിത്ര സെമിനാര്‍ നടക്കും. ഡോ. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ.എസ് മാധവന്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. മോയിന്‍ ഹുദവി മലയമ്മ, അനീസ് ഹുദവി കംബ്ലക്കാട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
രാത്രി നടക്കുന്ന മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്‌ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും എം.പി മുസ്ഥഫാ ഫൈസി തിരൂര്‍ ഉദ്ഘാടനം ചെയ്യും. ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനം സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിക്കും. പ്രാര്‍ഥനാ സദസ്സിന് സൈദാലിക്കുട്ടി ഫൈസി കോറാട് നേതൃത്വം നല്‍കും.
സമാപന ദിവസമായ 14ന് ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 1:30 ന് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് പരിസമാപ്തിയാവും. സമാപന പ്രാര്‍ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
സംഘാടക സമിതി
മമ്പുറം നേര്‍ച്ച നടക്കുന്ന ഒരാഴ്ചക്കാലം മമ്പുറത്തേക്ക് ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് സന്ദര്‍ശനത്തിനായി എത്തിച്ചേരുക. കേരളത്തില്‍ നിന്നും പുറത്തു നിന്നും വരുന്ന വിശ്വാസികള്‍ക്കാവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും സംവിധാനിക്കുന്നതിന് മമ്പുറം മഹല്ല് ഇഹ്‌സാസുല്‍ ഇസ്ലാം സംഘത്തിന്റെ കീഴില്‍ മമ്പുറം നിവാസികളുടെ യോഗം വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. വി.പി. കോയക്കുട്ടി തങ്ങള്‍ (ചെയര്‍മാന്‍), പി.കെ. ഇബ്‌റാഹീം ഹാജി, പി.ടി. അഹ്മദ് ഹാജി, തയ്യില്‍ അബ്ദുല്‍ റസാഖ്, കെ.പി. ഹംസ (വൈ. ചെയര്‍മാന്‍മാര്‍), എ.കെ. മൊയ്തീന്‍ കുട്ടി (ജനറല്‍ കണ്‍വീനര്‍), സയ്യിദ് ഹാശിം തങ്ങള്‍ ബുഖാരി, ഫാരിസ് ബാബു, ചാലില്‍ സിദ്ദീഖ്, വി.ടി. അബ്ദുസ്സലാം (കണ്‍വീനര്‍മാര്‍), ശംസുദ്ദീന്‍ വി. (ഖജാഞ്ചി) എന്നിവര്‍ ഭാരവാഹികളാണ്. നേര്‍ച്ചയുടെ സുഗമമായ നടത്തിപ്പിന് ഗതാഗത നിയന്ത്രണം, അന്നദാനം തുടങ്ങി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. മമ്പുറം ഖത്വീബ് ഹാശിഫ് ഹുദവി അധ്യക്ഷനായി. ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ഉദ്ഘാടനം ചെയ്തു. വി.പി. കോയക്കുട്ടി തങ്ങള്‍, എ.കെ. മൊയ്തീന്‍ കുട്ടി, സി.കെ. മുഹമ്മദ് ഹാജി പ്രസംഗിച്ചു.