കത്തുന്ന പുരയില്‍ നിന്ന് കഴുക്കോല്‍ ഊരിയെടുക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ ; ദുരന്തബാധിതരെ ഭീഷണിപ്പെടുത്തുന്ന സ്വകാര്യ ബാങ്കുകള്‍ക്കെതിരെ മുഹമ്മദ് അലി ബാബു

മലപ്പുറം : വയനാട് ഉരുള്‍പൊട്ടലില്‍ ഉള്ളിപ്പൊട്ടി കഴിയുന്ന ദുരിത ബാധിതരോട് ജീവിച്ചിരിപ്പുണ്ടെങ്കില്‍ പണം അടക്കണമെന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നേതാവ് പി എം മുഹമ്മദ് അലി ബാബു. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരെ വിളിച്ച് ജീവിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം ഇഎംഐ അടവ് തെറ്റിയതിനെക്കുറിച്ച് പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ് സ്വകാര്യ ബാങ്കുകളെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ മാനസികമായി തകര്‍ക്കുന്ന നടപടിയാണ് ചില സ്വകാര്യബാങ്കുകള്‍ സ്വീകരിക്കുന്നത്. ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചെന്ന് ഒരാള്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്. തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം ‘താങ്കള്‍ ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പരാതിക്കാരന്‍ പറഞ്ഞത്.

എങ്ങനെയെങ്കിലും പൈസ അടക്കണം. ഇല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആവുമെന്നാണ് അറിയിച്ചത്. കടം വാങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. വല്ലാത്ത അവസ്ഥയാണ് ഞങ്ങളുടേത്. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. എപ്പോഴാണേലും അടച്ചോളാം. ഭക്ഷണ മറ്റു ആവശ്യങ്ങള്‍ വേണോയെന്ന് ചോദിച്ചല്ല ആരും വിളിച്ചത്. ഈ ദുരന്തമുഖത്തിരിക്കുന്ന ഒരാളെ വിളിച്ചു ചോദിക്കാനുള്ള ചോദ്യമല്ല ഇത്. ജീവിച്ചിരിപ്പുണ്ടോ. എങ്കില്‍ പണം അടക്കൂവെന്ന് കേള്‍ക്കുമ്പോഴുള്ള മാനസികാവസ്ഥ വല്ലാത്തതാണ്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ് എന്നാണ് പരാതിക്കാരന്‍ പ്രതികരിച്ചത്.

കത്തുന്ന പുരയില്‍ നിന്ന് കഴുക്കോല്‍ ഊരിയെടുക്കുകയാണ് ഇത്തരം പണമിടപാട് സ്ഥാപനങ്ങളെന്ന് മുഹമ്മദ് അലി ബാബു പറഞ്ഞു. ഇതിനെതിരെ സമൂഹമനസ്സാക്ഷി ഉണരണം. അധികൃതര്‍ ഈ കാട്ടുനീതിക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

error: Content is protected !!