മലപ്പുറം : സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 26 കാരനെ വിളിച്ചു വരുത്തി മര്‍ദിച്ച് പണം കവര്‍ന്ന 15 കാരനുള്‍പ്പെടുന്ന 5 അംഗ ഹണിട്രാപ്പ് സംഘം പിടിയില്‍. അരീക്കോട് കാവനൂര്‍ സ്വദേശി ചാലക്കണ്ടി വീട്ടില്‍ അന്‍വര്‍ സാദത്ത് (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി കണ്ണീരി വീട്ടില്‍ ഹരികൃഷ്ണന്‍ (18), പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. കാവനൂര്‍ സ്വദേശിയായ 26 കാരന്റെ പരാതിയില്‍ അരീക്കോട് എസ്.എച്ച്.ഒ വി ഷിജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ നവീന്‍ ഷാജ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഹണിട്രാപ്പ് കെണിയൊരുക്കിയത് 15 കാരനാണ്. കാവനൂര്‍ സ്വദേശിയായ 26 കാരനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദം ശക്തമായതോടെ അരീക്കോട് വെച്ച് കൌമാരക്കാരനെ കാണാമെന്ന് പരാതിക്കാരന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ അരീക്കോട്ടെത്തിയ 26കാരനെ പ്രതികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് പണമാവശ്യപ്പെടുകയായിരുന്നു. ആദ്യം 20,000 രൂപയും പിന്നെ രണ്ട് ഘട്ടമായി ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഭീഷണിക്ക് വഴങ്ങിയ 26കാരന്‍ 40,000 രൂപ പരാതിക്കാരന്‍ സംഘത്തിന് നല്‍കി. എന്നാല്‍ സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് 26കാരന്‍ പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് സംഭവം കേസെടുത്ത് അന്വേഷിക്കുകയും തട്ടിയെടുത്ത പണവുമായി കൊടൈക്കനാലില്‍ പോയി തിരിച്ചെത്തിയ സംഘത്തെ തന്ത്രപരമായി വലയിലാക്കുകയുമായിരുന്നു. പ്രതികളില്‍ മൂന്നുപേരെ വ്യാഴാഴ്ച മഞ്ചേരി കോടതിയിലും രണ്ടുപേരെ പ്രത്യേക കോടതിയിലും ഹാജരാക്കും.