സൗഹൃദത്തില്‍ നിന്ന് പിന്മാറി : യുവതിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു : മലപ്പുറം സ്വദേശി പിടിയില്‍

പെരുമ്പാവൂര്‍: എറണാകുളത്ത് സൗഹൃദത്തില്‍ നിന്നും പിന്മാറിയതിന് യുവതിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്ത മലപ്പുറം സ്വദേശിയെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവാവും പെരുമ്പാവൂര്‍ സ്വദേശിയായ 21 കാരിയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി. എന്നാല്‍ അടുത്തിടെ യുവതി സൗഹൃദത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് തണ്ടേക്കാട് അല്‍ അസ്സര്‍ റോഡില്‍ വച്ച് പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തിയത്. യുവാവിനെ മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ച യുവതിയുടെ കൈ പിടിച്ച് പ്രതി തിരിക്കുകയും, കൈവശമുണ്ടായിരുന്ന 69000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

error: Content is protected !!