വയനാട് ദുരന്തം : കേന്ദ്ര സര്‍ക്കാര്‍ സമീപനം കൊടും ക്രൂരത, പുരനരധിവാസത്തിന് സര്‍ക്കാറിനൊപ്പം മുസ്ലിം ലീഗും യുഡിഎഫും ഉണ്ട് ; സാദിഖലി തങ്ങള്‍

മലപ്പുറം: വയനാട് ദുരിതബാധിതരോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം കൊടും ക്രൂരതയെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വയനാടിനായി കേന്ദ്രത്തില്‍ നിന്നും ആവശ്യമായ ഫണ്ട് നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം യു.ഡി.എഫും മുസ്‌ലിം ലീഗും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ചരിത്രത്തിലില്ലാത്ത യാതനകളാണ് വയനാട്ടുകാര്‍ ഇതിനകം അനുഭവിച്ചത്. അവിടുത്തെ ഭീകരദൃശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടതാണ്. വേദനയില്‍ ആശ്വാസം പകരേണ്ട സര്‍ക്കാര്‍ നിസംഗരായിരിക്കുന്നത് ഖേദകരമാണെന്ന് ശിഹാബ് തങ്ങള്‍ കുറ്റപ്പെടുത്തി.

നൂറുകണക്കിന് ആളുകള്‍ക്ക് ജീവനും ജീവനോപാധിയും നഷ്ടപ്പെട്ട, അനേകം വീടുകള്‍ ഒഴുകിപ്പോയ, ഒരു നാടിനെയാകെ കീഴ്‌മേല്‍ മറിക്കപ്പെട്ട വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം കൊടും ക്രൂരതയാണ്. വയനാടിനായി കേന്ദ്രത്തില്‍ നിന്നും ആവശ്യമായ ഫണ്ട് നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുകയും പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണം. യു.ഡി.എഫും മുസ്‌ലിം ലീഗും ഈ ഉദ്യമത്തിനൊപ്പമുണ്ട്. വയനാടിന്റെ കണ്ണീരൊപ്പാന്‍ ഒന്നായി നില്‍ക്കാമെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞു.

error: Content is protected !!