രാജ്യത്ത് പൗരത്വഭേദഗതി നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍ ; 14 പേര്‍ക്ക് പൗരത്വം നല്‍കി

ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍ക്കാണ് പൗരത്വം നല്‍കിയത്. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം.

പൗരത്വനിയമഭേദഗതി അനുസരിച്ച് 300 പേര്‍ക്ക് പൗരത്വം നല്‍കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷിക്കുക വഴി സിഎഎ പ്രകാരം പൗരത്വം നേടിയവരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഭിനന്ദിച്ചു.

2019 ഡിസംബറിലാണ് സിഎഎ നടപ്പിലാക്കിയിരുന്നത്. എന്നിരിക്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് 11ന് മാത്രമാണ് നിയമഭേദഗതി സംബന്ധിച്ച ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചത്. പൗരത്വനിയമ ഭേദഗതി രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് പല കോണുകളില്‍ നിന്നായി ഉണ്ടായത്. 2018ല്‍ സിഎഎക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. മാര്‍ച്ചില്‍ വിജ്ഞാപനം ഇറക്കിയതിനുശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്കുമിടെയാണിപ്പോള്‍ സിഎഎ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങള്‍ക്ക് ഇന്ത്യയില്‍ കഴിഞ്ഞ 11 വര്‍ഷത്തോളമായി താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിരുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാകും പൗരത്വത്തിനായി രജിസ്റ്റര്‍ ചെയ്യാനാകുക. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് പുതിയ നിയമഭേദഗതിയെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം

error: Content is protected !!