കോഴിക്കോട് : സ്വകാര്യ ലോഡ്ജില്‍ മലപ്പുറം സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പട്ടിക്കാട് സ്വദേശി ഫസീലയെയാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന അബ്ദുള്‍ സനൂഫ് എന്നയാളെ തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായിട്ടുണ്ട്. തൃശൂര്‍ തിരുവില്വാമല സ്വദേശിയായ അബ്ദുള്‍ സനൂഫിനൊപ്പമാണ് ഫസീല മുറിയെടുത്തത്. ലോഡ്ജ് ബില്ല് അടക്കാന്‍ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി യുവാവ് പുറത്ത് പോയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ തിരികെ വന്നില്ല. സനൂഫിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് യുവാവും യുവതിയും ലോഡ്ജില്‍ മുറിയെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ മുറിയില്‍ നിന്ന് ലോഡ്ജ് ബില്ല് അടക്കാന്‍ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് പുറത്തുപോയ യുവാവ് തിരികെ എത്തിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തില്‍ പുറത്ത് പരിക്കുകള്‍ ഒന്നും കണ്ടെത്തിയിട്ടുമില്ലെന്നാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തു. മുറിയില്‍നിന്ന് ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് കണ്ടെടുത്തു.
മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാർ പറഞ്ഞു. ഫസീല മരിച്ചതോടെ മുങ്ങിയതാവാമെന്നാണ് കരുതുന്നത്. രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫിന്റെപേരിൽ ഫസീല ഒറ്റപ്പാലത്ത് നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. വീണ്ടും അയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. സനൂഫ് ലോഡ്ജിൽ നൽകിയ മേൽവിലാസത്തിലല്ല അയാൾ താമസിച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഇയാൾ സഞ്ചരിച്ചിരുന്ന കാർ ചൊവ്വാഴ്ച രാത്രി കണ്ടെത്തി. പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ. വണ്ടിയുടെ നമ്പർ കണ്ടാണ് സനൂഫ് ഉപയോഗിച്ച കാറാണെന്ന് തിരിച്ചറിഞ്ഞത്.സനൂഫ് ലോഡ്ജിൽ കൊടുത്ത ഫോൺനമ്പറിൽ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാൾ വന്ന കാറും മറ്റൊരാളുടേതാണെന്ന് പോലീസ് പറഞ്ഞു.