തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര പഠനവകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഫസലുറഹ്മാൻ 2024 – ലെ ഏഷ്യൻ ആന്റ് ഓഷ്യാനിക് ഫോട്ടോ കെമിസ്ട്രി അസോസിയേഷൻ (എ.പി.എ.) യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അർഹനായി. കൃത്രിമ പ്രകാശസംശ്ലേഷണം ഉപയോഗിച്ചുള്ള ജലവിഘടനം, കാർബൺഡയോക്‌സൈഡിന്റെ നിരോക്സീകരണം, ഹരിത ഹൈഡ്രജൻ, ഫോട്ടോ ഇലക്ട്രോ കെമിക്കൽ സെൽ, ഫോട്ടോ കറ്റാലിസിസ് എന്നീ മേഖലകളിലെ ഗവേഷണമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഏഷ്യയിലെയും ഓഷ്യാനയിലെയും ഫോട്ടോ കെമിസ്ട്രി ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന അന്താരാഷ്ട്ര സംഘടനയാണ് എ.പി.എ. കൊച്ചിയിൽ നടക്കുന്ന ഏഷ്യൻ ആന്റ് ഓഷ്യാനിക് ഫോട്ടോ കെമിസ്ട്രി കോൺഫറൻസിൽ വച്ചായിരിക്കും പുരസ്‌കാര വിതരണം. മുന്നിയൂർ പടിക്കൽ കുട്ടശ്ശേരി അബ്‌ദുറഹ്മാന്റെയും, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷരീഫയുടെയും മകനാണ്.