ദേശീയ പാത നിര്‍മാണം : വി കെ പടിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്നുള്ള ആവശ്യം ശക്തം ; നിവേദനം നല്‍കി

തിരൂരങ്ങാടി : വികെ പടിയില്‍ ദേശീയപാത നിര്‍മാണത്തില്‍ റോഡ് മുറിച്ച് കടക്കാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇതോടെ പ്രദേശത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്നുള്ള ആവശ്യം ശക്തമാകുകയാണ്. ഇതിന്റെ ഭാഗമായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നല്‍കി.

ദേശീയ പാത നിര്‍മാണ ഫലമായി ഏ ആര്‍ നഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇരുമ്പ്‌ചോല എല്‍ പി സ്‌കൂള്‍, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, ജുമാ മസ്ജിദ്, ഖബര്‍സ്ഥാന്‍, സ്മശാനം, തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മറ്റു വിദ്യാഭ്യസ സ്ഥാപനങ്ങള്‍ റേഷന്‍ – മാവേലി സ്‌റ്റോറുകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാന്‍ പ്രദേശവാസികള്‍ ഏറേ പ്രയാസം അനുഭവിക്കുകയാണ്. പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും റോഡിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് കാല്‍ നടയായി കടക്കാന്‍ ആശ്രയിക്കുന്ന പ്രധാന സ്ഥലമാണ് വി. കെ. പടി. തൃശ്ശൂര്‍ – കോഴിക്കോട് ദീര്‍ഘ ദൂര യാത്രക്കാര്‍ക്കും ദേശീയ പാത നിര്‍മ്മാണ അഭാഗത കാരണം ദുരിതം അനുഭവിക്കുകയാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി ദേശീയ പാതക്ക് കുറുകെ ഫുട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കാവുങ്ങല്‍ ലിയാക്കത്തലി, ഇസ്മായീല്‍ പൂങ്ങാടന്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, കരിം ഹാജി ചെമ്പകത്ത്, ചുക്കാന്‍ മൂസ, എം.വി മുഹമ്മദ് കുട്ടി, കെ.സൈതുട്ടി, സിദ്ധിഖ് ചോലക്കന്‍, ഗഫൂര്‍ ചോലക്കന്‍, ഫൈസല്‍ ചുക്കാന്‍, ജാഫര്‍ തച്ചറമ്പന്‍ എന്നിവര്‍ നിവേദക സംഘത്തില്‍ സംബന്ധിച്ചു

error: Content is protected !!