കൊച്ചി : നടി ഹണി റോസിന്റെ ലൈംഗികാതിക്ഷേപ പരാതിയില്‍ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. വേണ്ടിവന്നാല്‍ താന്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യും. കോടതിയെ മുന്നില്‍ നിര്‍ത്തി കളിക്കാന്‍ ശ്രമിക്കരുതെന്നും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടര്‍ന്ന ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ ജയിലില്‍ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് പുറത്തിറങ്ങിയ ശേഷം ബോബിയുടെ പ്രതികരണം.
ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു. ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള റിലീസ് ഉത്തരവ് ഇന്നലെ തന്നെ ഇറങ്ങിയതാണെന്നും ബോബി ചെമ്മണ്ണൂര്‍ നാടകം കളിക്കരുതെന്നും കോടതി പറഞ്ഞു. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമം. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാന്‍ പോലും ഉത്തരവിടാന്‍ കഴിയുമെന്നും കോടതി പറഞ്ഞു. ഹാജരായ മുതിര്‍ന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണ് ചെയ്തത്. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നറിയാം ജാമ്യം എങ്ങനെ ക്യാന്‍സല്‍ ചെയ്യണമെന്ന് തനിക്കറിയാമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടരുന്നതില്‍ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളില്‍ ബോബി പുറത്തിറങ്ങാന്‍ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് കോടതിയില്‍ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ബോബിയുടെ അഭിഭാഷകര്‍ ജയിലിലെത്തി രേഖകള്‍ ഹാജരാക്കി ബോബിയെ പുറത്തിറക്കിയത്.
ഇന്നലത്തെ സംഭവവികാസങ്ങള്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കോടതിയെപ്പോലും അപമാനിക്കാന്‍ ആണോ ശ്രമം. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ ആവില്ല. വേണമെങ്കില്‍ ഒരു മാസത്തിനകം പോലും കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാന്‍ തനിക്കറിയാം. ഇന്നലെ എന്തുകൊണ്ട് പുറത്തുവന്ന വന്നില്ല എന്ന് അറിയിക്കണമെന്നും കേസ് 12 മണിക്ക് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.