ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു 

ചെറുതുരുത്തി : ഭാരതപ്പുഴയുടെ പൈങ്കുളം ശ്‌മശാനം കടവിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. നാല് പേരുടെയും മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ ഷാഹിന (38), മകൾ സറ (9), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ചത്. 

ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. പുഴയിൽ വീണ സറയെയും ഫുവാദ് സിനനെയും രക്ഷിക്കാനിറങ്ങിയപ്പോഴാണ് കബീറും ഷാഹിനയും അപകടത്തിൽപ്പെട്ടത്. വൈകുന്നേരത്തോടെയാണ് കുടുംബം ഭാരതപ്പുഴ കാണാനിറങ്ങിയത്. സഹോദരിയുടെ വീട്ടിലെത്തിയതാണ് കുടുംബം എന്നാണ് വിവരം. ഭാരതപ്പുഴയിലെ ഈ ഭാഗം അപകടമേഖലയാണ്. ഇവിടെ ഇതിനുമുമ്പും ആളുകള്‍ അപകടത്തില്‍പെടുകയും ഒഴുക്കില്‍പെട്ട് കാണാതാവുകയും ചെയ്തിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നു.

പങ്ങാരപ്പിള്ളി സെന്റ് ജോസഫ് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഫുവാദ് സനിൻ. ചെറുതുരുത്തി ഗവൺമെൻ്റ് എൽപി സ്കൂളിലെ നാലാക്ലാസ് വിദ്യാർത്ഥിനിയാണ് മരണപ്പെട്ട സറ.

error: Content is protected !!