തേഞ്ഞിപ്പലം : പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ശിഷ്യരുടെ ആദരമേറ്റുവാങ്ങിയ ശേഷം പ്രസംഗിക്കവേ മുന്‍ അദ്ധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. മൊറയൂര്‍ സ്വദേശി തേഞ്ഞിപ്പലം കോഹിനൂരില്‍ താമസിക്കുന്ന മണ്ണിശ്ശേരി അവറാന്‍ (90)ആണ് മരിച്ചത്. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് ഗവ.ഹൈസ്‌കൂളിലെ ആദ്യത്തെ പത്താംക്ലാസ് ബാച്ച് (1975) വിദ്യാര്‍ഥികള്‍ ഞായറാഴ്ച സംഘടിപ്പിച്ച പുനഃസമാഗമവും സുവര്‍ണ ജൂബിലി ആഘോഷവും നടക്കുന്നതിനിടെയാണ് സംഭവം. ആദ്യബാച്ചിലെ 16 അധ്യാപകരെയാണ് ചടങ്ങില്‍ ആദരിച്ചത്. വിദ്യാര്‍ഥികളുടെ ഉപഹാരം ഡോ. ആര്‍സുവില്‍ നിന്ന് ഏറ്റുവാങ്ങിയശേഷം നടത്തിയ മറുപടി പ്രസംഗത്തിനിടെ അവറാന് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. സദസ്സിലുണ്ടായിരുന്ന ചില ആരോഗ്യ പ്രവര്‍ത്തകര്‍ പ്രഥമശുശ്രൂഷ നല്‍കി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ്റിങ്ങല്‍, വിതുര, കാരന്തൂര്‍, കാരപ്പറമ്പ്, യൂണിവേഴ്‌സിറ്റി കാമ്പസ് തുടങ്ങി ഒട്ടേറെ ഹൈസ്‌കൂളുകളില്‍ ജോലിചെയ്ത അദ്ദേഹം 1988 ല്‍ ചേളാരി ഗവ. ഹൈസ്‌കൂളില്‍ നിന്ന് പ്രഥമാധ്യാപകനായി വിരമിച്ചു.