സൗദി ജിസാനിലെ അറാംകോ റിഫൈനറി റോഡില്‍ തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്ന ബസില്‍ ട്രക്ക് ഇടിച്ചുകയറി മലയാളികളടക്കം 15 പേര് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) യാണ് മരണപ്പെട്ട മലയാളി. കൊല്ലം ചക്രപാണി റോഡില്‍ നന്ദാവന്‍ കോളനിയിലെ പ്രസാദ് മാധവന് പിള്ളയുടെയും രാധ പ്രസാദ് പിള്ളയുടെയും മകനാണ് വിഷ്ണുപ്രസാദ്. മരിച്ചവരില്‍ ഒമ്പതു പേര് ഇന്ത്യക്കാരാണ്. മൂന്ന് നേപ്പാള്‍ സ്വദേശികളും 3 ഘാന സ്വദേശികളും ഇതില്‍ ഉള്‍പ്പെടുന്നു. ബിഹാര്‍, ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളെ മാത്രമാണ് തിരിച്ചറിഞ്ഞത്. പരുക്കേറ്റ 11 പേരില്‍ 9 പേരുടെ നില ഗുരുതരമാണ്. ഇവരില്‍ 2 പേര് ഇന്ത്യക്കാരാണ്.
ജുബൈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസിഐസി സര്‍വീസസ് എന്ന കമ്പനിയിലെ 26 ജീവനക്കാര്‍ സഞ്ചരിച്ച മിനി വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് വര്‍ഷമായി കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു പ്രസാദ്. മൃതദേഹങ്ങള്‍ ബൈഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
എതിരെ വന്ന ട്രെയിലര്‍ ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണം. 26 പേരുണ്ടായിരുന്ന വാഹനത്തിലെ പതിനഞ്ചുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫയര്‍ഫോഴ്സിന്റെയും രക്ഷാപ്രവര്‍ത്തകരുടേയും സഹായത്തോടെയാണ് വാഹനത്തില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ജിസാന്‍ അരാംകൊ റിഫൈനറി റോഡില്‍ രാവിലെ ആറിനായിരുന്നു അപകടം.