പെണ്‍കുട്ടി ഒളിച്ചോടി പോയിയെന്ന് കരുതിയെന്ന് പൊലീസ് ; 15 കാരിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : കാസര്‍കോഡ് 15 കാരിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയത് എന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ചോദ്യത്തിന് ഒളിച്ചോടി പോയിയെന്ന് കരുതിയെന്നായിരുന്നു മറുപടി. കേസില്‍ പൊലീസ് കേസ് ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനും കോടതിയില്‍ നേരിട്ട് ഹാജരായി.

പെണ്‍കുട്ടിയുടെയും യുവാവിന്റെയും കോള്‍ റെക്കോര്‍ഡ്‌സ് എപ്പോഴാണ് പരിശോധിച്ചതെന്ന് ചോദിച്ച കോടതി പെണ്‍കുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചതെന്നും ചോദിച്ചു. കാണാതായ ദിവസം തന്നെ പെണ്‍കുട്ടി മരിച്ചുവെന്ന് പൊലീസ് കോടതിയില്‍ മറുപടി പറഞ്ഞു. സ്ത്രീകളെയോ കുട്ടികളെയോ കാണാതായാല്‍ പൊലീസ് അപ്പോള്‍ തന്നെ അന്വേഷണം ആരംഭിക്കണം. പെണ്‍കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടു പിടിക്കാനെന്ത് ബുദ്ധിമുട്ടാണ് ഉള്ളത്. പൊലീസ് നായ പ്രദേശത്ത് പരിശോധന നടത്തിയത് എന്നാണ്. പെണ്‍കുട്ടിയുടെ മരണം സംഭവിച്ച് ദിവസങ്ങള്‍ കഴിഞ്ഞിരുന്നില്ലേ. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയത് എന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചോദിച്ചു. എന്നാല്‍ പെണ്‍കുട്ടി ഒളിച്ചോടിപ്പോയെന്നാണ് കരുതിയതെന്ന് പൊലീസ് മറുപടി നല്‍കി. ഇതോടെ 15 വയസ്സുള്ള പെണ്‍കുട്ടിയെ അല്ലേ കാണാതായതെന്ന് ചോദിച്ച കോടതി, പോക്‌സോ കേസ് ആയി വേഗത്തിലുള്ള അന്വേഷണം അല്ലേ വേണ്ടിയിരുന്നത്, പ്രായപൂര്‍ത്തിയായ സ്ത്രീ എന്ന നിലയിലാണ് പൊലീസിന്റെ അന്വേഷണം നടന്നതെന്നും കോടതി വിമര്‍ശിച്ചു.

ഇന്നലെ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. കൃത്യവിലോപം പൊലീസില്‍ നിന്നും ഉണ്ടായോയെന്നാണ് പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. പെണ്‍കുട്ടി എന്ന നിലയിലായിരുന്നു അന്വേഷണം നടത്തേണ്ടിയിരുന്നത്. മൊഴികളുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ഡയറി പരിശോധിക്കട്ടെ എന്ന് പറഞ്ഞ കോടതി, ഉച്ചയ്ക്ക് 1:45 ന് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി. കുട്ടികള്‍ വിലപ്പെട്ടതാണ്, അത് പൊലീസ് മറക്കരുത്, പൊലീസിന് പാഠമായി മാറണമിതെന്നും മരിച്ച കുട്ടിയുടെ കുടുംബത്തിനൊപ്പമാണെന്നും ഹൈക്കോടതി പറഞ്ഞു.

error: Content is protected !!