വേദിയില്‍ ഭാരവാഹികള്‍ മാത്രം, സ്വാഗതം പറഞ്ഞ് പൊലിപ്പിക്കേണ്ട, നേതാക്കള്‍ സംസാരിക്കുമ്പോള്‍ പുറകില്‍ തിക്കുംതിരക്കും കൂട്ടരുത് : പാര്‍ട്ടി പരിപാടികളില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി കോണ്‍ഗ്രസ്

തിരുവനന്തപുരം : പാര്‍ട്ടി പരിപാടികളില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി കോണ്‍ഗ്രസ് നേതൃത്വം. പൊതുപരിപാടികളില്‍ ഭാരവാഹികള്‍ മാത്രമേ വേദിയില്‍ ഉണ്ടാകാന്‍ പാടുള്ളൂ. പ്രധാന നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കസേരകളില്‍ പേരെഴുതി വയ്ക്കണമെന്നും പരിപാടികളില്‍ ലിംഗ നീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തണമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. കോഴിക്കോട് ഡിസിസി ഓഫിസിന്റെ ഉദ്ഘാടന വേദിയില്‍ നാണക്കേടായ ഉന്തും തള്ളിനും പിന്നാലെയാണ് പെരുമാറ്റച്ചട്ടം നേതൃത്വം കൊണ്ടുവന്നിരിക്കുന്നത്.

പെരുമാറ്റച്ചട്ടം എന്തെക്കെയെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പരന്നിരുന്നെങ്കിലും ഇന്ന് ഉച്ചയോടെയാണ് ഇതില്‍ അന്തിമ തീരുമാനമായത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംഘടനപരമായ പെരുമാറ്റച്ചട്ടം നടപ്പാക്കിയതാണ് പുതിയ നിയമം. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന സാഹചര്യമുണ്ടായാല്‍ അച്ചടക്ക ലംഘനമായി കണക്കാക്കും. കെപിസിസി, ഡിസിസി, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് യോഗങ്ങളില്‍ പെരുമാറ്റച്ചട്ടം സംബന്ധിച്ച സര്‍ക്കുലര്‍ വൈകാതെ റിപ്പോര്‍ട്ട് ചെയ്യാനാണ് പാര്‍ട്ടി നിര്‍ദേശം.

പാര്‍ട്ടി പരിപാടികള്‍ നോട്ടിസില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തുടങ്ങി കൃത്യസമയത്ത് അവസാനിപ്പിക്കണം. ഒരുപാട് വൈകി പരിപാടികള്‍ ആരംഭിക്കുന്നത് കൃത്യസമയത്ത് എത്തിച്ചേരുന്നവരോടുള്ള അനാദരവാണെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. സ്വാഗത പ്രാസംഗികര്‍ കാര്യങ്ങള്‍ ചുരുക്കി സംസാരിക്കണം. വേദിയിലുള്ളവരുടെ പേരുകള്‍ അടങ്ങിയ നോട്ടിസ് സ്വാഗത പ്രാസംഗികരുടെ കൈയ്യില്‍ ഉണ്ടായിരിക്കണം. സ്വാഗത പ്രസംഗത്തിനു ശേഷം സംസാരിക്കുന്ന പ്രാസംഗികര്‍ നോട്ടിസിലുള്ള പേരുകള്‍ വായിക്കുന്നത് ഒഴിവാക്കണം. പരിപാടിയുടെ ആകെ സമയം എത്രയാണ്, ഓരോരുത്തരും എത്ര സമയം സംസാരിക്കണം എന്നീ കാര്യങ്ങളില്‍ പരിപാടിയുടെ അധ്യക്ഷന് തീരുമാനമെടുക്കാം. വേദികളില്‍ തിക്കും തിരക്കും ഉണ്ടാകാതെ നോക്കേണ്ടത് പരിപാടികള്‍ സംഘടിപ്പിക്കുന്ന ഘടകത്തിന്റെ അധ്യക്ഷന്റെ ചുമതലയാണ്.

നേതാക്കള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ അനാവാശ്യ തിരക്ക് പാടില്ല. ദൃശ്യമാധ്യമങ്ങളോട് നേതാക്കള്‍ സംസാരിക്കുമ്പോള്‍ പുറകില്‍ തിക്കുംതിരക്കും കൂട്ടരുതെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. പൊതുയോഗങ്ങളില്‍ നേതാക്കള്‍ സംസാരിക്കുമ്പോള്‍ പ്രസംഗപീഠത്തിനു പിന്നില്‍ ആരും നില്‍ക്കാന്‍ പാടില്ല. ആവശ്യമായ മുന്‍കരുതലുകള്‍ സംഘാടകര്‍ എടുത്തിരിക്കണം. പരിപാടിയുടെ നടത്തിപ്പിന് നിശ്ചയിച്ചിരിക്കുന്ന ഭാരവാഹികള്‍ അല്ലാതെ വേറെ ആരും ഉദ്ഘാടന വേദിയിലേക്ക് കയറാന്‍ പാടില്ല. ഇക്കാര്യത്തില്‍ സേവാദളിന്റെ സേവനം ഉപയോഗപ്പെടുത്തണം. ജാഥകളില്‍ ബാനറുകളുടെ പുറകില്‍ മാത്രം നടക്കണം. പ്രതിഷേധ പ്രകടനത്തിലെ മുദ്രാവാക്യങ്ങള്‍ പാര്‍ട്ടി സംസ്‌കാരത്തിന് യോജിച്ചതാവണം.

സാധ്യമായ അവസരങ്ങളിലെല്ലാം പരിപാടി കവര്‍ ചെയ്യാന്‍ നല്ല ഫൊട്ടോഗ്രഫറെയും വിഡിയോഗ്രഫറെയും ചുമതലപ്പെടുത്തണം. പ്രധാന പരിപാടി ആണെങ്കില്‍ ലൈവ് കവറേജ് ഉണ്ടായിരിക്കണം. സമൂഹ മാധ്യമങ്ങളില്‍ അഭിരുചിയുള്ള ചെറുപ്പക്കാരെ ഇതിനായി പ്രത്യേക നിയോഗിക്കാമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. മണ്‍മറഞ്ഞ നേതാക്കളുടെ അനുസ്മരണ പരിപാടികളില്‍ ചടങ്ങിന്റെ പവിത്രത കാത്തുസൂക്ഷിക്കണം, തിക്കിതിരക്കാന്‍ പാടില്ല. ഇത്തരം യോഗങ്ങളിലെ പ്രസംഗങ്ങളും ഔചിത്യപൂര്‍വം നടത്തണമെന്നും പെരുമാറ്റച്ചട്ടത്തില്‍ ആവശ്യപ്പെടുന്നു.

പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടികളില്‍ കൃത്യമായ കാര്യപരിപാടിയുണ്ടാകണം. സ്റ്റേജില്‍ നോട്ടിസിന്റെ കോപ്പിയുണ്ടായിരിക്കണം. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരും ക്ഷണിക്കപ്പെട്ടതുമായ നേതാക്കള്‍ മാത്രമേ വേദിയിലുണ്ടാകാവൂ കസേരകളുടെ എണ്ണം പരിമിതപ്പെടുത്തണം കെപിസിസി പ്രസിഡന്റ്, എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസിസി ജനറല്‍ സെക്രട്ടറി, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, എഐസിസി ഭാരവാഹികള്‍, വര്‍ക്കിങ് പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, മുന്‍ എംപിമാരും എംഎല്‍എമാരും, മുന്‍ മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗങ്ങളിലെ കസേരകളില്‍ അവരുടെ പേര് കൃത്യമായി രേഖപ്പെടുത്തണം. നോട്ടിസില്‍ പേരില്ലാത്ത എഐസിസി – കെപിസിസിസി ഭാരവാഹികളോ ഡിസിസി പ്രസിഡന്റോ എംപിയോ എംഎല്‍എയോ അവിചാരിതമായി യോഗത്തിന് എത്തിയാല്‍ അവരുടെ പ്രോട്ടോക്കോള്‍ മാനിച്ച് ഇരിപ്പിടം നല്‍കണം.

error: Content is protected !!