
കോട്ടയം : സെമസ്റ്റർ തലത്തിൽ ഓരോ വിദ്യാർത്ഥിയുടെയും പ്രകടനം അടിസ്ഥാനമാക്കിയുള്ള (ഔട്കം ബേസ്ഡ്) ഫലപ്രഖ്യാപന രീതി എംജി സർവകലാശാല അവതരിപ്പിച്ചു. ഓരോ വിദ്യാർത്ഥിക്കും പരീക്ഷക്ക് ലഭിച്ച മാർക്കിനൊപ്പം വ്യക്തി തലത്തിലും സ്ഥാപന തലത്തിലും സർവകലാശാലാ തലത്തിലുമുള്ള മികവ് തരംതിരിച്ച് അടയാളപ്പെടുത്തിയ സ്കോർ ഷീറ്റാണ് നൽകുന്നത്. ഓരോ വിഷയത്തിലും ആവശ്യമായ അറിവുകളും ശേഷികളും വിദ്യാർത്ഥി കൈവരിച്ചോ എന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. ഉന്നതപഠനം, പ്ലേസ്മെന്റ് എന്നിവയിൽ ഇവ നിർണായകമാണ്.
4 വർഷ ബിരുദ പ്രോഗ്രാമുകളിലെ രണ്ടാം സെമസ്റ്റർ പരീക്ഷയിലാണ് മാർക്ക് ലിസ്റ്റിനൊപ്പം ഔട് കം ബേസ്ഡ് സ്കോർ ഷീറ്റ് നൽകിയത്. രാജ്യത്തുതന്നെ ഇത്ര വിശദമായി ഔട്കം ബേസ്ഡ് സ്കോർ ഷീറ്റ് മറ്റൊരു സർവകലാശാലയും നൽകുന്നില്ലെന്ന് സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. ജോജി അലക്സ്, എ.എസ്. സുമേഷ് എന്നിവർ പറഞ്ഞു.