Monday, July 7

ചര്‍ച്ച പരാജയം : നാളെ സ്വകാര്യ ബസ് സമരം, മറ്റന്നാള്‍ ദേശീയ പണിമുടക്ക് : ജനജീവിതം സ്തംഭിച്ചേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. അതേസമയം നാളെ ബസ് സമരത്തിന് പിന്നാലെ മറ്റന്നാള്‍ ദേശീയപണിമുടക്ക് കൂടി വരുന്നതോടെ ജനജീവിതത്തെ സാരമായി ബാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ ബുധനാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചൊവ്വാഴ്ച സ്വകാര്യ ബസ് അസോസിയേഷന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. എട്ടാം തീയതി സൂചനാ പണിമുടക്കും ഇരുപത്തിരണ്ടാം തീയതി മുതല്‍ അനിശ്ചിതകാല സമരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് 59% ആക്കണമെന്ന ജസ്റ്റിസ് രമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക്.

തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കില്‍ തീരുമാനമെടുക്കുമെന്നും ബസ് ഉടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി. നാളെ (ചൊവ്വാഴ്ച) സൂചനാ പണിമുടക്ക് നടത്തും. ഉടന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും ടി ഗോപിനാഥന്‍ അറിയിച്ചു.

ലേബര്‍ നിയമം പരിഷ്‌കരിക്കുക, മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരത്തിന് ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് പണിമുടക്കുകളും ജനജീവിതത്തെ എപ്രകാരമാകും ബാധിക്കുകയെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഒമ്പതാം തീയതിയിലെ ദേശീയപണിമുടക്ക് കേരളത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല. ഭാഗികമായിരിക്കും പണിമുടക്ക്. ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ പണിമുടക്ക് ബാധിച്ചേക്കും.

error: Content is protected !!