Saturday, July 12

സ്‌കൂള്‍ സമയമാറ്റം ; സമസ്ത പ്രതൃക്ഷ സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നുവെന്ന് സമസ്ത. സര്‍ക്കാരിന് നല്‍കിയ പരാതി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സമയമാറ്റം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കില്ല എന്ന വാദം തെറ്റാണെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്.

ഏഴാം ക്ലാസ് വരെ മാത്രമേ മദ്രസ പഠനം ഉള്ളൂ എന്ന സര്‍ക്കാര്‍ വാദം ശരിയല്ല, പന്ത്രണ്ടാം ക്ലാസ് വരെയും മദ്രസ പഠനം ഉണ്ടെന്നും സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വിവരിച്ചു. ഹൈ സ്‌കൂളില്‍ മാത്രമേ സമയമാറ്റം ഉള്ളൂ എന്ന സര്‍ക്കാര്‍ വാദവും ശരിയല്ലെന്ന് സമസ്ത ചൂണ്ടികാട്ടുന്നുണ്ട്. എല്‍ പിയും, യുപിയും ഹൈസ്‌കൂളും ഒന്നിച്ചുള്ള സ്‌കൂളുകളില്‍ ഒരുമിച്ചാണ് പഠനം തുടങ്ങുക. ഇത് മദ്രസ പഠനത്തെ ബാധിക്കും. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതാണ്. പരാതി ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും വിമര്‍ശനമുണ്ട്.

പ്രവര്‍ത്തി സമയകുറവ് പരിഹരിക്കാന്‍ പ്രവര്‍ത്തി ദിവസം കൂട്ടുകയാണ് വേണ്ടതെന്നും സമസ്ത പറഞ്ഞു. അല്ലാതെ മദ്രസ പഠനം തടസപ്പെടുന്ന രീതിയില്‍ സമയം മാറ്റുകയല്ല വേണ്ടതെന്നും അവര്‍ വ്യക്തമാക്കി. 2007 ല്‍ എം എ ബേബി വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ സ്‌കൂള്‍ സമയം 8 മണി ആക്കാന്‍ നീക്കം നടത്തി. അന്ന് സമരം നടത്തി തോല്‍പ്പിച്ചത് സമസ്ത അടക്കമുള്ള സംഘടനകള്‍ ആണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സമയമാറ്റവും സമരത്തിലൂടെ പരിഹരിക്കേണ്ട സാഹചര്യമാണുള്ളത്. മുസ്ലിംലീഗ് ഈ പ്രശ്നം ഏറ്റെടുക്കണം. എല്ലാ സംഘടനകളും പിന്തുണക്കണം എന്നാണ് ആഗ്രഹമെന്നും സമസ്ത വ്യക്തമാക്കി. വേനല്‍ അവധിക്കാലം കുറച്ച് സ്‌കൂള്‍ സമയനഷ്ടം പരിഹരിക്കണമെന്നും സമസ്ത നിര്‍ദ്ദേശിച്ചു.

error: Content is protected !!