
മലപ്പുറം : ജില്ലയിലെ പട്ടിക്കാട്, ചിറമംഗലം റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മാണത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റൂട്ടിലുള്ള പട്ടിക്കാട് ഓവര്‍ ബ്രിഡ്ജിന് ആകെ 1.0500 ഹെക്ടര്‍ ഭൂമിയാണ് ആവശ്യം. ഇതില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 0.1803 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ബാക്കി 0.8697 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. ഇതും വൈകാതെ ഏറ്റെടുക്കും. മൂന്നു കോടി എണ്‍പത്തിനാലു ലക്ഷത്തി ഇരുപത്തെട്ടായിരത്തി അഞ്ഞൂറ്റി അറുപത്തേഴ് (38428567) രൂപ കക്ഷികള്‍ക്ക് നല്‍കി.
താനൂര്‍-പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വരുന്ന ചിറമംഗലം ഓവര്‍ ബ്രിഡ്ജിന് മൊത്തം ആവശ്യം 0,6614 ഹെക്ടര്‍ ഭൂമിയാണ്. ഇതില്‍ സ്വകാര്യ വ്യക്തികളുടെ ഉമടസ്ഥതയിലുള്ള 0.4462 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ഉടന്‍ ഏറ്റെടുക്കും. 4,19,61,674 രൂപയാണ് മൊത്തം വിതരണം ചെയ്തത്. കെ-റെയില്‍ നിര്‍മിക്കുന്ന നിലമ്പൂര്‍ യാര്‍ഡ് റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. സംസ്ഥാനത്തുടനീളം 66 റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മാണ ചുമതല കെ-റെയിലിനാണ്. തിരുവനന്തപുരം ജില്ലയിലെ കരമന, കണ്ണൂര്‍ ജില്ലയിലെ ഏഴിമല എന്നീ റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.