Sunday, July 27

യൂത്ത്‌ലീഗ് ഇടപെടല്‍ ; താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഫിസിഷ്യന്‍, കണ്ണ് വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിച്ചതായി ഡി.എം.ഒ അറിയിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നേരിട്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഫിസിഷ്യന്‍ വിഭാഗത്തിലേക്ക് ഇപ്പോള്‍ മലപ്പുറം താലൂക്ക് ആശുപത്രിയിലുള്ള ഡോ.അനൂപിനെയാണ് നിയമിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചാര്‍ജ്ജെടുക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു.


ഓഫ്താല്‍മോളജി വിഭാഗത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സൗദക്ക് ചുമതല നല്‍കിയിട്ടുണ്ട്. അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ നിലനില്‍ക്കുന്ന ഒഴിവിലേക്കും അത്യാഹിത വിഭാഗത്തിലെ ഒഴിവിലേക്കും അഡ്‌ഹോക്കില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് സുപ്രണ്ടിനെ ചുമതപ്പെടുത്തിയതായും മുസ്ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാഖിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.


അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നത് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് തലത്തിലായതിനാല്‍ സ്‌പെഷ്യാലിറ്റി തസ്തികയിലേക്കുള്ള പ്രൊമോഷന്‍ നടപടി പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ തന്നെ സുപ്രണ്ടിന്റെ ഒഴിവ് നികത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


സൈകാട്രി, ഗൈനക്കോളജി, തൊലി വിഭാഗത്തിലെ ഒഴിവുകള്‍ കൂടി നികത്തി ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഖകരമാക്കണമെന്നും സര്‍ക്കാര്‍ തലത്തില്‍ ആശുപത്രിക്ക് നല്‍കാനുള്ള കോടിക്കണക്കിന് തുക വേഗത്തില്‍ കൈമാറണമെന്നും യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് പറഞ്ഞു.

error: Content is protected !!