Saturday, August 2

കുന്നത്ത് മഹല്ല് സ്നേഹ സംഗമം ‘അൽ മവദ്ദ’; ലോഗോ പ്രകാശനം നടത്തി

പെരുവള്ളൂർ : മലബാറിലെ പുരാതനമായ പള്ളികളിൽ ഒന്നായ കുന്നത്ത് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് ശാക്തീകരണവും ധാർമിക മുന്നേറ്റവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ‘അൽമവദ്ദ’ സമ്പൂർണ്ണ കുടുംബ സ്നേഹ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ അറക്കൽ മുഹമ്മദലി ഹാജിക്ക് നൽകി മഹല്ല് ഖത്വീബ് അബ്ദുല്ല ബാഖവി പട്ടർകുളം പ്രകാശനം നിർവഹിച്ചു. മഹല്ല് കമ്മിറ്റിയുടെയും നാട്ടുകാരുടെയും ചെറുപ്പക്കാരുടെയും നേതൃത്വത്തിൽ മസ്ജിദ് നവീകരണവും ആധുനികവൽക്കരണവും വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങളും അച്ചടക്കമുള്ള ഒരു സമൂഹ സൃഷ്ടിപ്പുമാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.

മമ്പുറത്തു നിന്നും ജലമാർഗ്ഗം സഞ്ചരിച്ചെത്തിയ മഹാനായ ഖുത്വുബുസ്സമാൻ സയ്യിദ് അലവി (ഖ•സി) തങ്ങളുടെ മഹനീയ കരങ്ങളാൽ തുടക്കം കുറിച്ച കുന്നത്ത് പള്ളിയും പരിസരവും പാരമ്പര്യത്തിന്റെ പ്രൗഢിയാലും നിർമ്മിതിയാലും സമ്പന്നവും പ്രസിദ്ധവുമാണ്. ആഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കുന്ന സമ്പൂർണ്ണ കുടുംബ സംഗമം പറമ്പിൽപീടികയിലെ അഞ്ചാലൻ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ ഖുതുബുസ്സമാൻ നഗറിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. പ്രഗൽഭ പ്രഭാഷകരായ റഹ്‌മത്തുള്ള സഖാഫി എളമരം, മുനീർ ഹുദവി വിളയിൽ എന്നിവർ സംസാരിക്കും.

ലോഗോ പ്രകാശന ചടങ്ങിൽ മഹല്ല് ജനറൽ സെക്രട്ടറി കോഴിത്തൊടി നാസർ ഹാജി, സ്വാഗതസംഘം ഭാരവാഹികളായ അറക്കൽ അബുല്ലത്തീഫ് മുസ്‌ലിയാർ, കെ മൊയ്തീൻ കുട്ടി ഹാജി,സയ്യിദ് ഹാഷിം തങ്ങൾ, പി പി എം ബഷീർ മുസ്‌ലിയാർ, അറക്കൽ മുഹമ്മദ് ബാവ, ടി കെ മുഹമ്മദ്‌ കുട്ടി, സി കെ അബ്ദുൽ ഹമീദ്, എം സി അഷ്‌കർ എന്നിവർ സംബന്ധിച്ചു.

error: Content is protected !!