
പൂക്കിപ്പറമ്പ്: ചെറുപ്രായത്തിൽ തന്നെ പഠനത്തോടൊപ്പം കൃഷിയിലും സജീവമായി വിസ്മയം തീർക്കുകയാണ് മുഹമ്മദ് ബിൻഷാദ് കെ പി. വാളക്കുളം കെ എച്ച് എം എസ് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ബിൻഷാദ് പഠനപ്രവർത്തനങ്ങളിലും ഏറെ മുൻപന്തിയിലാണ്. നെല്ല്, വിവിധ പച്ചക്കറികൾ കൃഷി ചെയ്യുന്നതിന് പുറമെ പശുക്കളെ വളർത്തി പാൽ കറന്നെടുത്ത് ആവശ്യക്കാരായ വീടുകളിലേക്കും കടകളിലേക്കും എത്തിക്കുന്നു.
കണക്കുകൾ രേഖപ്പെടുത്തുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയർ കൂടി ഉപയോഗപ്പെടുത്തി ‘ന്യൂജെൻ കർഷകൻ കൂടിയാണ് ബിൻഷാദ്. ഇതിനായി രാവിലെയും വൈകുന്നേരവും ഒഴിവ് ദിവസങ്ങളിലും സമയം കണ്ടെത്തുകയാണ്. പരിസ്ഥിതിയെ അങ്ങേയറ്റം സ്നേഹിക്കുന്ന ബിൻഷാദിന്റെ ആഗ്രഹം ‘ഗ്രീൻ കളക്ടർ’ ആവുകയെന്നതാണ്.
മികച്ച കർഷകനുള്ള നല്ല പാഠം യൂണിറ്റ് & ജെ ആർ സി ഏർപ്പെടുത്തിയ പ്രഥമ കിസാൻ പ്രതിഭ അവാർഡ് സ്കൂൾ മാനേജർ ഇ കെ അബ്ദുറസാഖ് ഹാജിയിൽ നിന്നും മുഹമ്മദ് ബിൻഷാദ് ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ സജിത് കെ മേനോൻ, പി മുഹമ്മദ് ബഷീർ, പി റാഷിദ്, മുനീറ എംസി , ഫാത്തിമത്തുൽ ഹാഫില, സാജിത, മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. എം പി സുഹൈൽ സ്വാഗതവും മർജനുൽ ഫാരിസ് നന്ദിയും പറഞ്ഞു.