
വേങ്ങര: വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി നിർദേശിച്ച വേങ്ങര ആകാശപ്പാതയുടെ കരടു രൂപരേഖ തയ്യാറായി. രൂപരേഖയുമായി സ്ഥലം ഒത്തുനോക്കുന്ന നടപടികളും പൂർത്തീകരിച്ചു. നിർദ്ദിഷ്ട സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തി അതിർത്തി നിർണയിക്കാനും തീരുമാനമായി. ഏകദേശം 200 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്താൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു.
ജില്ലയിലെ പ്രധാന പാതകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡ് കടന്നു പോകുന്ന വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്കും വിദ്യാർഥികൾക്കും രോഗികൾക്കും കച്ചവടക്കാർക്കും വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് എംഎൽഎ ആകാശപ്പാതയെന്ന നിർദേശം മുന്നോട്ടുവെച്ചത്. നേരത്തെ ബൈപ്പാസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കലിന്റെയും മറ്റും സാങ്കേതിക തടസ്സങ്ങളാൽ നീണ്ടു പോകുകയായിരുന്നു. വലിയ പ്രതിസന്ധികൾ മറികടന്ന് നിർദിഷ്ട ബൈപ്പാസ് വന്നാൽ പോലും അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പൂർണപരിഹാരമാകില്ലെന്ന വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിർദേശം.
2022-23 വർഷത്തെ ബജറ്റിൽ പ്രസ്തുത പദ്ധതി ഉൾപ്പെടുത്തുകയുംചെയ്തു. നിരന്തര ഇടപെടലിന്റെ ഫലമായി പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനമായ ഇൻവെസ്റ്റിഗേഷൻ നടപടികൾക്ക് 18 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് പൊതുമരാമത്ത് ബ്രിഡ്ജ്സ് വിഭാഗം ഡിസൈൻ വിങ്ങിന് കൈമാറി. അതനുസരിച്ചുള്ള കരടു രൂപ രേഖയാണ് ഇപ്പോൾ തയ്യാറായത്. ഇനി വിശദ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. തുടർ നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. പാതയ്ക്ക് താഴെ വരുന്ന മുഴുവൻ ജങ്ഷനുകളിലും വാഹനങ്ങൾക്ക് കടന്നു പോകാൻ കൂടുതൽ സൗകര്യപ്പെടുന്ന തരത്തിൽ നവീകരിക്കുന്നതിന് അനുബന്ധമായി പ്രോജക്റ്റ് തയ്യാറാക്കുന്നുണ്ട്.
എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന കരട് രൂപരേഖയുടെ ആലോചനാ യോഗത്തിലും സ്ഥലം ഒത്തുനോക്കൽ നടപടികളിലും ഊരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർകോയ തങ്ങൾ, വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ, പി.പി. സൈദലവി, പി.കെ. അസ്ലു, പറമ്പിൽ അബ്ദുൽ കാദർ, പൊതുമരാമത്ത് ബ്രിഡ്ജ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ വിനോദ് കുമാർ, ഡിസൈൻ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ കണ്ണൻ, ബ്രിഡ്ജ്സ് വിഭാഗം ( തിരൂർ) അസിസ്റ്റന്റ് എൻജിനീയർ ധീരജ് കുമാർ, ബ്രിഡ്ജ്സ് വിഭാഗം ഓവർസിയർ ലിജു എന്നിവർ പങ്കെടുത്തു.