Tuesday, October 14

വർഷങ്ങളായി ഓഫീസിൽ കയറിയിറങ്ങിയവർക്ക് പരിഹാരമായി തിരൂരങ്ങാടി നഗരസഭ ഫയൽ അദാലത്ത്

തിരൂരങ്ങാടി : വർഷത്തോളായി നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി ഓഫീസ് കയറിയിറങ്ങേണ്ടി വന്നവർക്ക് നഗരസഭയിൽ നടത്തിയ ഫയൽ അദാലത്ത് ആശ്വാസമായി. മിഷന്‍ 40 യുടെ ഭാഗമായി നഗരസഭയിലെ തീര്‍പ്പാകാതെ കിടന്ന ഫയലുകളില്‍ തീരുമാനം കൈക്കൊള്ളുന്നതിനായി നഗരസഭ സംഘടിപ്പിച്ച ഫയല്‍ അദാലത്തിലൂടെ ലഭിച്ച 86 ഫയലുകളില്‍ 77 ഫയലുകള്‍ തീര്‍പ്പാക്കി. 9 ഫയലുകള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി തീരുമാനിക്കുന്നതിനായി മാറ്റി വെക്കുകയുണ്ടായി. ഈ ഫയലുകളിലും ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കും.
86 ഫയലുകളില്‍ 67 ഫയലുകളും ഒക്യുപെന്‍സിയുമായി ബന്ധപ്പെട്ടതായിരുന്നു. ഇതില്‍ തന്നെ 48 ഫയലുകള്‍ പി.എം.എ.വൈ-യില്‍ ഉള്‍പ്പെട്ടതുമായിരുന്നു. പല കാരണങ്ങളാല്‍ നഗരസഭയില്‍ നിന്ന് അനുമതി നല്‍കാന്‍ സാധിക്കാതെ വന്ന 5 വര്‍ഷത്തോളം പഴക്കമുള്ള ഫയലുകളും അദാലത്തില്‍ പരിഗണിക്കുകയുണ്ടായി. ഓഫീസിൽ നിരന്തരം കയറി ഇറങ്ങി മടുത്തവർക്ക് ആശ്വാസമായി ഫയൽ അദാലത്ത് പുതുതായി ചുമതല

ഏറ്റ സെക്രട്ടറി എം വി റംസി ഇസ്മയിൽ ആണ് പരിപാടിയുടെ ആസൂത്രകൻ. കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പ് കൽപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്ത് ഭരണ സമിതിയുടെ പിന്തുണയോടെ ഫയൽ അദാലത്ത് സംഘടിപ്പിക്കുകയായിരുന്നു.

മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സുലൈഖ കാലൊടി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി എം.വി റംസി ഇസ്മായില്‍ നന്ദിയും പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സോന രതീഷ്, സി.പി ഇസ്മായില്‍, സി.പി സുഹറാബി, ഇ.പി ബാവ, വി കൃഷ്ണന്‍കുട്ടി അസി.എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. കെട്ടിട പെർമിറ്റ് ഫയലുകള്‍, 70 ജനറല്‍ വിഭാഗം- 2 ഫയലുകള്‍, റവന്യൂ വിഭാഗം- 8 ഫയലുകള്‍, പെന്‍ഷന്‍ വിഭാഗം- 4 ഫയലുകള്‍, ആരോഗ്യ വിഭാഗം- 2 എന്നീ ഫയലുകളാണ് അദാലത്ത് മുമ്പാകെ വന്നത്.

error: Content is protected !!