
കോട്ടക്കൽ: ഒമ്പതാം ക്ലാസുകാരിയെ വിവാഹം ചെയ്യാൻ ശ്രമം. സംഭവത്തില്‍ പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതി ശ്രുത വരനടക്കം പത്തോളം പേർക്കെതിരെ ശൈശവ വിവാഹത്തിന് കേസ്. കാടാമ്പുഴ മാറാക്കര പഞ്ചായത്തിലെ മരവട്ടത്താണ് സംഭവം.
ഇന്നലെ ഉച്ചയോടെയാണ് 22 കാരനായ പ്രതിശ്രുത വരനും കുടുംബവും 14 കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് മിഠായി കൊടുത്തു. ഇരുവിഭാഗവും ബന്ധുക്കളാണ്.
വിവരം അറിഞ്ഞതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം തലേദിവസം വീട്ടിലെത്തി വിവാഹം നടത്തരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ കുടുംബം വിവാഹവുമായി മുന്നോട്ടു പോയതോടെ കാടാമ്പുഴ പോലീസ് വീട്ടിലെത്തി നിയമനടപടികൾ സ്വീകരിച്ചു. വരൻ്റെ പിതാവ്, കണ്ടാലറിയുന്ന ഏഴ് പേര് എന്നിവർക്കെതിരെയാണ് കേസ്. പെൺകുട്ടിയെ മലപ്പുറം സ്നേഹിത യിലേക്ക് മാറ്റി.