
തിരൂരങ്ങാടി : നഗരസഭ 1.20 കോടി രൂപയുടെ പദ്ധതി റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ നഗരസഭ സെക്രട്ടറി എം വി.റംസി ഇസ്മയിലിന് എതിരെ ഗുരുതരമായ ആരോപണവുമായി മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി രംഗത്തെത്തി.
നഗരസഭക്കെതിരെയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും സെക്രട്ടറി യുടെ പ്രവർത്തനങ്ങളിൽ അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭ സെക്രട്ടറിയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് തിരൂരങ്ങാടി മുന്‍സിപ്പല്‍ മുസ്്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സുധാര്യമായ നിര്‍വ്വഹണത്തിന് തീരുമാനമെടുത്ത കൗണ്‍സിലിനെതിരെ സി.പി.ഐ.എമ്മിന് വേണ്ടി സെക്രട്ടറി നടത്തുന്ന പരിഹാസ്യമായ സമീപനം ഇതിന് തെളിവാണ്. നഗരസഭ സാങ്കേതിക വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ നിര്‍വ്വഹണം നടത്തേണ്ട പദ്ധതികള്‍ കൗണ്‍സില്‍ തീരുമാനമില്ലാതെ സ്വന്തം നിലക്ക് താന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി സുലേഖ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തി അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിക്കുകയും തനിക്ക് താല്‍പര്യമില്ലാത്ത സര്‍ക്കാര്‍ ഏജന്‍സികളെ ടെണ്ടറില്‍ നിന്നും വിലക്കുകയുമാണ് സെക്രട്ടറി ചെയ്തത്.
ഇത് കൃത്യമായ ഗൂഢാലോചനയും അഴിമതിക്ക് വഴിവെക്കുന്നതുമാണെന്ന് നഗരസഭ കൗണ്‍സിലിന് ഉത്തമ ബോധ്യമുള്ളതിനാലാണ് ഓപ്പണ്‍ ടെണ്ടര്‍ വഴി നിര്‍വ്വഹണം നടത്തുന്നതിന് കൗണ്‍സില്‍ തീരുമാനമെടുത്തിട്ടുള്ളത്. ഓപ്പണ്‍ ടെണ്ടര്‍ വഴി പ്രവര്‍ത്തി നടത്തുന്നതിന് സെക്രട്ടറിക്കുള്ള വിമുഖത എന്തുകൊണ്ടാണെന്ന് ആര്‍ക്കും മനസ്സിലാകുന്നതും അദ്ധേഹത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതിയില്‍ ബോധ്യമാകുന്നതുമാണ്.
.സി.പി.ഐ.എമ്മില്‍ നിന്നും അച്ചാരം വാങ്ങി നഗരസഭയുടെ അഭിമാന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടന വേദി പോലും മനപ്പൂര്‍വ്വം കേട്ടുകേള്‍വിയില്ലാത്തവിധം അലങ്കോലമാക്കാന്‍ സെക്രട്ടറി നടത്തിയ ശ്രമങ്ങള്‍ അങ്ങേ അറ്റം അപലപനീയവും അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടതുമാണ്.
സെക്രട്ടറിയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വകുപ്പ് തല മേധാവികള്‍ക്കും വിജിലന്‍സ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്കും പരാതി നല്‍കുമെന്ന് മുസ്്ലിംലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് റഫീഖ് പാറക്കലും ജനറല്‍ സെക്രട്ടറി എം അബ്ദുറഹ്മാന്‍കുട്ടിയും പത്രകുറിപ്പില്‍ അറിയിച്ചു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സോളാർ സ്ഥാപിക്കൽ, ജനറേറ്റർ സ്ഥാപിക്കൽ, വൈദ്യുതി ലോഡ് ക്രമീകരിക്കൽ, മുൻസിപ്പാലിറ്റി ഓഫീസിൽ ഇൻവർട്ടർ സ്ഥാപിക്കൽ തുടങ്ങിയ 1.20 കോടി രൂപയുടെ പദ്ധതികളാണ് കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗണ്സില് യോഗം റദ്ദ് ചെയ്തത്. സർക്കാർ അക്രഡിറ്റഡ് ഏജൻസിക്ക് കരാർ നൽകുന്നതായിരുന്നു പദ്ധതി. പത്രപരസ്യം നൽകി ടെൻഡർ ക്ഷണിച്ചപ്പോൾ 3 ഏജൻസികൾ പങ്കെടുത്തിരുന്നു. ഇക്കാര്യം തീരുമാനിക്കാൻ ആയിരുന്നു കൗണ്സില്. എന്നാൽ അക്രെഡിറ്റഡ് ഏജൻസിക്ക് കരാർ നൽകേണ്ടെന്നും ഓപ്പൻ ടെൻഡർ ചെയ്താൽ മതിയെന്നും പറഞ്ഞ് കൗണ്സില് നേരത്തെ നിയമാനുസൃതം ചെയ്ത ടെൻഡർ തള്ളുകയായിരുന്നു. എന്നാൽ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നടത്തിയ ടെണ്ടർ റദ്ദാക്കുന്നതിനെതിരെ സെക്രട്ടറി വിയോജന കുറിപ്പ് എഴുതിയിരുന്നു. ഭരണ സമിതിയിലെ ഒരംഗവും ലീഗ് നേതൃത്വത്തിലെ ഒരാളും ആണ് ഇതിന് പിനിലെന്നും ഇവരുടെ നേതൃത്വത്തിൽ 10 വർഷമായി ഇത്തരത്തിലുള്ള പദ്ധതികളാണ് നടക്കുന്നതെന്നുമുള്ള തരത്തിൽ ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് സിപിഎം മുന്സിപാലിറ്റിയിലേക്ക് മാർച്ചും നടത്തിയിരുന്നു. ഇതേ തുടർന്നാണ് ലീഗ് കമ്മിറ്റി സെക്രട്ടറി ക്ക് എതിരെ ആരോപണവുമായി എത്തിയത്.