
നന്നമ്പ്ര പഞ്ചായത്തിൽ യൂഡിഎഫ് തർക്കം തുടരുന്നു. സീറ്റ് ധാരണ ആകത്തിനാൽ ലീഗിനെതിരെയുള്ള മുന്നണിയുമായി സഹകരിക്കാനുള്ള നീക്കവുമായി കോണ്ഗ്രസ്. അതേ സമയം മുന്നണി ധാരണ പൊളിയുന്നതിൽ പരസ്‌പരം ആരോപണമുന്നയിച്ച് ലീഗും കോൺഗ്രസും. സീറ്റ് സംബന്ധിച്ച തീരുമാനമാകാത്തതോടെ യൂഡിഎഫ് ചർച്ച വഴിമുട്ടിയിരിക്കുകയാണ്. പഞ്ചായത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം ആകാത്തതിനാൽ ജില്ലാ നേതൃത്വം ഇടപെട്ട് ചർച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. പ്രാദേശിക തലത്തിൽ തന്നെ തീരുമാനമെടുക്കാൻ നിർദേശിച്ച് മടക്കി അയച്ചതായിരുന്നു. നിലവിലുള്ള സീറ്റിന് പുറമേ ഒരു സീറ്റ് കൂടി വേണമെന്നതായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം. 21 സീറ്റിൽ ലീഗ് 13 സീറ്റിലും കോൺഗ്രസ് 7 സീറ്റിലും വെൽഫയർ പാർട്ടി ഒരു സിറ്റിലുമായിരുന്നു മത്സരിച്ചിരുന്നത്. ഒരു സീറ്റിൽ യുഡിഎഫ് സ്വതന്ത്രയുമായിരുന്നു മത്സരിച്ചിരുന്നത്. ഇപ്പോൾ 24 വാർഡായപ്പോൾ നിലവിലുള്ള സീറ്റ് മാത്രമാണ് ലീഗ് ആദ്യം കോൺഗ്രസിന് അനുവദിച്ചിരുന്നത്. മാത്രമല്ല, കോൺഗ്രസിൻ്റെ കൈവശമുണ്ടായിരുന്ന ഒരു സീറ്റ് ലീഗിന് നൽകണമെന്നും പകരം ലീഗിൻ്റെ ഒരു സീറ്റ് നൽകാമെന്നുമായിരുന്നു ലീഗിന്റെ നിർദേശം. എന്നാൽ സീറ്റ് വച്ച് മാറാൻ പറ്റില്ലെന്നും വർധിച്ച 3 സീറ്റുകളിൽ ഒന്ന് നൽകണമെന്നതുമായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം. ഇതിൽ തർക്കം തുടർന്നതിനാലാണ് പഞ്ചായത്ത് തലത്തിലും ജില്ലാ തലത്തിലും ചർച്ച നടത്തിയത്. എന്നാൽ അവിടെയും പരിഹരിക്കാൻ കഴിയാത്തതിനാൽ ജില്ലാ കമ്മിറ്റി പ്രാദേശികതലത്തിൽ തന്നെ ചർച്ച നടത്തി പരിഹരിക്കാൻ നിർദേശിച്ച് മടക്കുകയായിരുന്നു. പഞ്ചായത്ത് തലത്തിൽ നടത്തിയ ചർച്ചയിൽ ഒരു സീറ്റ് വിട്ടു നൽകാൻ ലീഗ് തയാറായെങ്കിലും ചെറുമുക്കിലെ സീറ്റിൽ പൊതു സ്വതന്ത്രനെ നിർത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതോടെ വീണ്ടും ചർച്ച വഴിമുട്ടിയിരിക്കുകയാണ്. നേരത്തെ 16 -ാം വാർഡിൽ തടത്തലത്ത് ബിജെപിക്ക് എതിരെ പൊതു സ്വതന്ത്രയെയാണ് നിർത്തിയതെന്നും അത് ലീഗിൻ്റെ സീറ്റല്ലെന്നും. അത് പോലെ ചെറുമുക്കിലെ ഒരു വാർഡിൽ പൊതുസ്വതന്ത്രനെ നിർത്തണമെന്നുമാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ യൂഡിഎഫ് സഖ്യം തെറ്റേണ്ടെന്നു കരുതി ഒരു സിറ്റ് വിട്ടു നൽകാൻ തയാറായിട്ടും കോൺഗ്രസ് ആവശ്യത്തിലേറെ ചോദിക്കുകയാണെന്നാണ് ലീഗ് പറയുന്നത്. എന്നാൽ കോൺഗ്രസ് അർഹതപ്പെട്ടതാണ് ചോദിക്കുന്നതെന്നും ആദ്യം സീറ്റ് തരാമെന്ന് സമ്മതിച്ച ലീഗ് യോഗം കഴിഞ്ഞു പോയ ശേഷം തരാൻ പറ്റില്ലന്ന് വിളിച്ചു പറഞ്ഞു വഞ്ചിക്കുകയായിരുന്നെന്നും കോണ്ഗ്രസ് പറയുന്നു. തർക്കം തുടർന്നതോടെ പഞ്ചായത്തിൽ യൂഡിഎഫ് സംവിധാനത്തിനുള്ള സാധ്യത വിരളമായിരിക്കുകയാണ്.
പഞ്ചായത്തിൽ യുഡിഎഫ് സംവിധാനം തീരുമാനമാകാത്തതിനാൽ സേവ് നന്നമ്പ്ര മുന്നണിക്കൊപ്പം ചേരാനുള്ള നീക്കാം നടത്തി കോൺഗ്രസ്. പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ രൂപീകരിച്ച കൂട്ടായ്‌മയാണ് സേവ് നന്നമ്പ്ര. എൽഡിഎഫിന് പുറമെ പിഡിപി, ആം ആദ്‌മി തുടങ്ങിയവയാണ് കൂട്ടായ്മയിലുള്ളത്. കൊടിയും ബാനറും ഉപയോഗിക്കാതെ ഭരണസമിതിക്കെതിരെയുള്ള ആർക്കും കൂടാം എന്നതാണ് കൂട്ടായ്മ പറയുന്നത്. ലീഗുമായി ഇടഞ്ഞതോടെ സേവ് നന്നമ്പ്രയിൽ ചേരാൻ കോൺഗ്രസ് ചർച്ച നടത്തിയതായാണ് അറിയുന്നത്. കോൺഗ്രസിന് വിജയ സാധ്യതയുള്ള സീറ്റുകൾ നൽകാമെന്നാണ് സിപിഎം വാഗ്ദാനം ചെയ്തിരിക്കുന്നത്രെ. മുൻ ബാങ്ക് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ.പി.ഹൈദ്രോസ് കോയ തങ്ങളെ പ്രസിഡൻ്റ് സ്ഥാനാർഥിയാക്കാമെന്നും വാഗ്ദാനം ചെയ്തതായി അറിയുന്നു. ലീഗുമായി ധാരണയായില്ലെങ്കിൽ കൂട്ടായ്‌മയിൽ കൂടി മത്സരിക്കാനാണ് തീരുമാനമെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. ഇതിന്റെ ചർച്ചകൾ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. ബി ജെ പി ഉൾപ്പെടെയുള്ള എല്ലാ കക്ഷികളെയും ലീഗിനെതിരെ കൂട്ടുന്നെന്നു പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ബി ജെ പി സ്വന്തം സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കുമെന്നു ബി ജെ പി നേതാക്കൾ പറഞ്ഞു. നിലവിൽ ബി ജെ പി ക്ക് ഒരു സീറ്റ് ഉണ്ട്. ആ സീറ്റിലും മറ്റു സീറ്റുകളിലും മത്സരിക്കുമെന്നും ബിജെപി പറഞ്ഞു.
അതേ സമയം, മുന്നണിയാകാൻ കോൺഗ്രസിന് താൽപര്യമില്ലെങ്കിൽ നാളെ സ്ഥനാർഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുമെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. വിട്ടു വീഴ്‌ച ചെയ്‌തിട്ടും കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നത് യൂഡിഎഫിനെ പൊളിക്കാനാണെന്നു സംശയിക്കുന്നതായും ഇവർ പറഞ്ഞു.