Friday, November 21

മെഡിസെപ് ആനുകൂല്യം നിഷേധിച്ചു: നഷ്ടപരിഹാരമായി ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് 191,452 രൂപ നല്‍കണം- ജില്ലാ ഉപഭോക്തൃ കമ്മിഷന്‍

മലപ്പുറം : കടുത്ത പനി കാരണം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ പെരിമ്പലം സ്വദേശി മെഡിസെപ് ആനുകൂല്യത്തിനായി ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ സമീപിച്ചപ്പോള്‍ ആനുകൂല്യം നല്‍കാനാവില്ലെന്ന് അറിയിച്ചതിനെതിരെ ഉപഭോക്തൃ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പരാതിക്കാരന് നഷ്ടപരിഹാരമായി ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് 191,452 രൂപ നല്‍കാന്‍ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍. കിടത്തി ചികില്‍സ ആവശ്യമില്ലാത്തതിനാല്‍ മെഡിസെപ് ആനുകൂല്യം നല്‍കാനാവില്ലെന്ന് പറയാന്‍ ഇന്‍ഷൂറന്‍സ് കമ്പനിക്ക് അധികാരമില്ലെന്ന് കമ്മീഷന്‍ വിധിച്ചു.

12 ദിവസം ആശുപത്രിയില്‍ കിടത്തി ചികില്‍സ നടത്തിയതിന് 18,000/ രൂപ അനുവദിക്കാം എന്നാണ് ഇന്‍ഷുറന്‍സ് കമ്പനി ആദ്യം അറിയിച്ചത്. പിന്നീട് ചികിത്സാ രേഖകള്‍ പരിശോധിച്ച ശേഷം ഇത് കിടത്തി ചികിത്സ ആവശ്യമുള്ള രോഗമായിരുന്നില്ലെന്നും അതിനാല്‍ ആനുകൂല്യം നല്‍കാനാവില്ലെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടെത്തി.

മെഡിസെപ് ആനുകൂല്യം നിഷേധിച്ചാല്‍ ജില്ലാതല സമിതിക്കും, സംസ്ഥാന സമിതിക്കും, ഓംബുഡ്‌സ്മാനും പരാതി നല്‍കുകയാണ് വേണ്ടതെന്നും പരാതി പരിഗണിക്കാന്‍ ഉപഭോക്തൃകമ്മിഷന് അധികാരമില്ലെന്നുമുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം ഉഭോക്തൃകമ്മിഷന്‍ തള്ളിക്കളഞ്ഞു. രോഗിയെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കണോ എന്നും മരുന്ന് ഇന്‍ഞ്ചക്ഷനായി നല്‍കണോ എന്നും ഇന്‍ഷുറന്‍സ് കമ്പനിക്ക് തീരുമാനിക്കാന്‍ അധികാരമില്ല. ഈ കാരണത്താല്‍ ആനുകൂല്യം നിഷേധിക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.

പരാതിക്കാരന്റെ ചികില്‍സാ ചിലവ് 1,36,452/ രൂപയും നഷ്ടപരിഹാരമായി 50,000/ രൂപയും കോടതി ചെലവായി 5,000/രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കാന്‍ കെ. മോഹന്‍ദാസ് പ്രസിഡന്റും, പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ ഉത്തരവിട്ടു. കാലതാമസം വന്നാല്‍ ഒമ്പത് ശതമാനം പലിശയും നല്‍കണം.

error: Content is protected !!