
തിരൂരങ്ങാടി : ഇന്ന് മരണപ്പെട്ട കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി എടയോടത്ത് പറമ്പിൽ മുഹമ്മദ് ഷാദിലിനെ കുറിച്ച് കൊടിഞ്ഞി കോറ്റത്തങ്ങാടി ദാറുൽ ഇസ്ലാം മദ്രസയിലെ സദർ മുഅല്ലിം അഷ്‌റഫ് ബാഖവി മദ്രസ ഗ്രൂപ്പിൽ പോസ്റ്റിയ കുറിപ്പ് ഈറനണയിക്കുന്നതായി. ഇൽമിനോടും ഉസ്താദുമാരോടും അതിരറ്റ് സ്നേഹം പ്രകടിപ്പിച്ചിരുന്ന രോഗിക്കി ടക്കായിലും ഉസ്താദുമാരെ നിരന്തരം ബന്ധപ്പെട്ടിരുന്നു. പരീക്ഷയിൽ നല്ല മാർക്ക് നേടിയിരുന്നെങ്കിലും രോഗം കാരണം മദ്രസയിൽ വരാൻ സാധിച്ചിരുന്നില്ല. എങ്കിലും മദ്രസയിലെ വിവരങ്ങളെല്ലാം കൂട്ടുകാരോട് ചോദിച്ചറിഞ്ഞിരുന്നു. മദ്രസയും ഉസ്താദുമാരെയും കാണാനുള്ള ആഗ്രഹത്തെ തുടർന്ന് ഒരു ദിവസം മദ്രസയിലേക്ക് പോകുകയും ചെയ്തിരുന്നു. ഒരു വർഷത്തിലേറെയായി അർബുദ ബാധിതനായിട്ട്. വിവിധ ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നെങ്കിലും അവസാന സ്റ്റേജിൽ എത്തിയതിനാൽ പ്രതീക്ഷ ഇല്ലായിരുന്നു. തെയ്യലിങ്ങൾ എസ് എസ് എം ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടനെയാണ് രോഗം സ്ഥിരീകരിച്ചത്. പരീക്ഷ ഫലം രോഗി കിടക്കയിൽ വെച്ചാണ് അറിഞ്ഞത്. വിനയവും അച്ചടക്കവും ഉള്ള ഷാദിൽ വീട്ടുകാരുടെയും അയൽ വാസികളുടെയും പ്രിയപ്പെട്ട വനായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ അവസാന നോക്ക് കാണാൻ എത്തിയിരുന്നു. രാവിലെ 11 ന് കബറടക്കി. ഇ. പി.സിദ്ധീഖ്- മറിയാമു കോടിയാടൻ ദമ്പതികളുടെ ഏക മകനാണ്. 2 സഹോദരിമാർ ഉണ്ട്.
സദർ ഉസ്താദ് അഷ്റഫ് ബാഖവിയുടെ കുറിപ്പ്:
ശാദിൽ EP നാഥനിലേക്ക് യാത്രയായി…..
إنّا لله وإنّا إليه راجعون
കൊടിഞ്ഞി, കോറ്റത്തങ്ങാടി ദാറുൽ ഇസ്ലാം മദ്‌റസയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു ശാദിൽ……
പഠനത്തിൽ അതീവ താൽപര്യം കാണിച്ച, ഇൽമിനോടും ഉസ്താദുമാരോടും അതിരറ്റ് സ്നേഹം പ്രകടിപ്പിച്ചിരുന്ന വിദ്യാർത്ഥി.
കഴിഞ്ഞ വർഷത്തെ പരീക്ഷ എഴുതി ഉയർന്ന മാർക്ക് കരസ്ഥമാക്കിയ ശാദിൽ അസുഖം കാരണം ഈ വർഷം തുടക്കം മുതൽ മദ്‌റസയിൽ വരാറില്ലെങ്കിലും മദ്‌റസയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും കൂട്ടുകാരിൽ നിന്നും രക്ഷിതാക്കളുടെ ഫോണിലൂടെയും മനസ്സിലാക്കിയിരുന്നു….
ഒരു മാസം മുമ്പ് മദ്റസയിലെ ഉസ്താദുമാർ അവനെ സന്ദർശിക്കാൻ പോയപ്പോഴും അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും പുതിയ ഉസ്താദുമാരെ പരിചയപ്പെടുകയും ചെയ്തു. എനിക്ക് മദ്റസയിലേക്ക് വരാനും എല്ലാവരെയും കാണാൻ താല്‌പര്യമുണ്ടെന്നും, ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ട് പക്ഷേ എന്റെ ഈ അവസ്ഥയിൽ എനിക്കതിന് സാധിക്കുന്നില്ല, രാത്രി പോലും ഒരു പോള കണ്ണടക്കാൻ സാധിക്കുന്നില്ലെന്നുമെല്ലാം പറഞ്ഞ്
പ്രിയപ്പെട്ട ഉസ്താദുമാരോട്
എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ എന്ന് ഓരോരുത്തരുടെയും കൈ പിടിച്ച് പറഞ്ഞിരുന്നു….
പല സമയങ്ങളിലും ക്ലാസ്സ് ഉസ്താദിനെ ഫോണിലൂടെ ബന്ധപ്പെടുകയും മദ്‌റസയിലെയും ഉസ്താദുമാരുടെയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.
മദ്‌റസ കാണാനുള്ള ആഗ്രഹത്തിൽ രോഗം മൂർച്ചിച്ച അവസ്ഥയിലും ഒരു ദിവസം മദ്‌റസയും ഉസ്താദുമാരെയും കാണാൻ ശാദിൽ മദ്റസയിലേക്ക് വന്നിരുന്നു.
അടുത്ത കാലത്ത് അവൻ ജീവിതത്തിലേക്ക് തിരികെ വരുമെന്ന് അവനും കുടുംബവും പ്രതീക്ഷിച്ചിരുന്നു. ആവും വിധം കിടന്നെങ്കിലും നിസ്‌കരിക്കാൻ അവൻ ശ്രമിക്കുകയും ഒത്തിരി കാലം അങ്ങനെ നിസ്കരിക്കുകയും ചെയ്തിരുന്നു.
മൂന്ന് നാല് ദിവസം മുമ്പ് ക്ലാസ്സ് ഉസ്‌താദിനെ വിളിച്ച് ഈ വർഷത്തിന്റെ തുടക്കത്തിൽ നമ്മുടെ മദ്‌റസയിൽ വിതരണം ചെയ്ത തദ്കിറ (ദിക്ർ,ദുആ പഠന ക്യാമ്പയിൻ) യുടെ ഫോം വലിയ അക്ഷരങ്ങളിലാക്കി എനിക്കയച്ച് തരണമെന്നും ഒഴിവ് സമയങ്ങളിലായി ഞാനത് പഠിച്ചെടുക്കുമെന്ന് പോലും പറഞ്ഞിരുന്നു……
ഇന്ന് രാവിലെ 7 മണിയോടെ ഈ വിദ്യാർത്ഥി നാഥനിലേക്ക് യാത്രയായി……
അവൻ ജീവിതത്തിൽ ചെയ്ത സൽക്കർമങ്ങളെല്ലാം നാഥൻ സ്വീകരിക്കട്ടെ….
ജീവിതത്തിലെ പ്രയാസങ്ങൾക്ക് പകരം നാഥൻ സ്വർഗം നൽകട്ടെ
ആ കുടുംബത്തിന് നാഥൻ ക്ഷമ പ്രധാനം ചെയ്യട്ടെ
آمين يا رب العالمين